മന്ത്രിസഭയില്‍ അനുകൂല തീരുമാനങ്ങളില്ല ; ഉദ്യോഗാർത്ഥികളെ തഴഞ്ഞ് സർക്കാർ

Jaihind News Bureau
Monday, February 15, 2021

 

തിരുവനന്തപുരം : പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാർത്ഥികളെ തഴഞ്ഞ് സർക്കാർ. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലും  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ല. പി.എസ്.സി ലിസ്റ്റുകള്‍ നീട്ടുന്ന കാര്യത്തിലും തസ്തിക സൃഷ്ടിക്കാനും തീരുമാനമായില്ല.

അതേസമയം സർക്കാരിന്‍റെ യുവജനവഞ്ചനയ്ക്കെതിരെ ഉദ്യോഗാർത്ഥികളുടേയും യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുവജനസംഘടനകളുടെ പ്രതിഷേധം ശക്തമാകുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥനും സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന  നിരാഹാരം സമരം തുടരുന്നു. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് റാങ്ക് ഹോള്‍ഡേഴ്സിന്റെയും സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍പെട്ടവരുടെയും സമരം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സമരവുമായി രംഗത്തെത്തിയത്.

പി.എസ്.സി പരീക്ഷയിൽ കേട്ടുകേൾവിയില്ലാത്ത അട്ടിമറിയും കോപ്പിയടിയും നടത്തി ശിവരഞ്ജിത്തിനെയും നസീമിനെയുമൊക്കെ റാങ്ക് ലിസ്റ്റിന്‍റെ തലപ്പത്ത് പ്രതിഷ്ഠിച്ചവരാണ് ഭരണത്തിലിരിക്കുന്നത്.  സർക്കാർ സ്‌പോൺസേർഡ് നാടകത്തിന്‍റെ പേരിൽ 4 മാസക്കാലം മരവിച്ച് പോയ സിപിഒ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം കിട്ടാതെ പോയ ഹതഭാഗ്യരുടെ നഷ്ടത്തിന് ആര് മറുപടി പറയുമെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു.