വാക്സിനേഷന് ശേഷം വീണ്ടും കൊവിഡ് ബാധിച്ചവരില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പഠനം

ന്യൂഡൽഹി : കൊവിഡ് ഭീതിക്കിടെ ആശ്വാസമായി വാക്സിന്‍ സ്വീകരിച്ചവരിലെ പഠന റിപ്പോര്‍ട്ട്.  വാക്സിൻ സ്വീകരിച്ച ഒരാള്‍ പോലും ഏപ്രിൽ–മേയ് മാസത്തിനിടെ മരിച്ചിട്ടില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ (എയിംസ്) പഠന റിപ്പോർട്ട്. കൊവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളെപ്പറ്റി നടത്തിയ ആദ്യ പഠനത്തിലാണ് (ജീനോം സീക്വന്‍സിംഗ്) ഇക്കാര്യം വ്യക്തമായത്.

രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷവും കൊവിഡ് ബാധിക്കുന്നതാണ് ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍. 63 ബ്രേക് ത്രൂ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 36 പേർ 2 ഡോസ് വാക്സിനും 27 പേർ ഒരു ഡോസും സ്വീകരിച്ചിരുന്നു. ഇതിൽ 53 പേർ കൊവാക്സിനും 10 പേർ കൊവിഷീൽഡുമാണ് എടുത്തത്. കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്‍റിബോഡി ശരീരത്തിൽ ഉണ്ടായിട്ടും 63 പേർ രോഗബാധിതരായി. മിക്കവര്‍ക്കും അഞ്ച് മുതല്‍ ഏഴ് ദിവസം വരെ കടുത്ത പനി ഉണ്ടായി. മറ്റു രോഗങ്ങള്‍ ഇല്ലാത്തവരെയാണ് പഠനവിധേയരാക്കിയത്. ഇതില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ടിരുന്നു.

ഏപ്രില്‍ – മെയ് മാസങ്ങളില്‍ ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടായവരില്‍ ഡല്‍ഹിയിലെ എയിംസ് നടത്തിയ പഠനത്തില്‍ വാക്‌സിന്‍ പൂര്‍ത്തീകരിച്ച ഒരാള്‍ പോലും കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ല എന്നാണ് കണ്ടെത്തല്‍. അതേസമയം വാക്സിൻ പൂർണമായി സ്വീകരിച്ച ആളുകൾക്കു പോലും കൊവിഡ് ബാധിക്കാനും മരണം പോലും സംഭവിക്കാനും വളരെ ചെറിയ സാധ്യതയുണ്ടെന്നാണ് യുഎസ് ആരോഗ്യ ഏജൻസിയായ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ഏറെ ആശ്വാസം പകരുന്നതാണ് എയിംസ് പഠന റിപ്പോര്‍ട്ട്.

Comments (0)
Add Comment