പരിയാരത്ത് വ്യാജ കമ്പനിയുടെ പേരിൽ അനധികൃത സാനിറ്റൈസർ നിർമ്മാണം; നടപടി എടുക്കാതെ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും

Jaihind News Bureau
Friday, April 17, 2020

കണ്ണൂർ പരിയാരത്ത് വ്യാജ കമ്പനിയുടെ പേരിൽ അനധികൃത സാനിറ്റൈസർ നിർമ്മിച്ചവർക്കെതിരെ നടപടി എടുക്കാതെ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. വ്യാജ സാനിറ്റൈസർ നിർമ്മാണത്തിന് പിന്നിൽ പഞ്ചായത്ത് പ്രസിഡന്റും, സുഹൃത്തു അടക്കമുള്ളവരെന്നും ആരോപണം .ജില്ലാ ഭരണകൂടത്തിന് പരാതി നൽകിട്ടും വ്യാജ സാനിറ്റൈസർ പിടിച്ചെടുക്കുകയോ, അത് നിർമ്മിച്ചവർക്കെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല.

പരിയാരം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്തിന്‍റെയോ, ആരോഗ്യ വകുപ്പിന്‍റെയോ അനുമതിയില്ലാതെ ഒരു സംഘം അനധികൃതമായി ഗുണമേന്മയില്ലാത്ത സാനിറ്റൈസർ നിർമ്മിച്ച് വിപണനം നടത്തുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. സർക്കാർ നിശ്ചയിച്ച വിലയേക്കാൾ ഇരട്ടി തുകക്ക് ഗുണമേന്മയില്ലാത്ത ഈ സാനിറ്റൈസറുകൾ വിൽപ്പന നടത്തുന്നുവെന്നാണ് ആക്ഷേപം. ഫൈവ് സ്റ്റാർസ് അഡ്വാൻസ്ഡ് ഹാൻഡ് സാനിറ്റൈസർ എന്ന പേരിലാണ് ഗുണമേന്മയില്ലാത്ത സാനിറ്റൈസർ നിർമ്മിച്ച് വിൽപന നടത്തുന്നത്. പഞ്ചായത്തിൽ എവിടെയും നിലവിലില്ലാത്ത കടലാസ് കമ്പനിയുടെ പേരിലാണ് നിർമ്മാണവും വിൽപനയും.

അനധികൃതമയി സാനിറ്റൈസർ ഉത്പാദിപ്പിച്ച് വിൽക്കുന്ന കടലാസ് കമ്പനിക്ക് പിറകിൽ പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും അടക്കമുള്ള അഞ്ചംഗ സംഘമാണെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.

സിപിഎം നേതാവും പരിയാരം ഗ്രാമപഞ്ചായത്ത് അംഗവുമായ ഇ.വി ശശിധരന്റ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനധികൃതമായി നിർമ്മിച്ച സാനിറ്റൈസർ കൊള്ളവിലക്ക് വിൽക്കുന്ന കാര്യം ആദ്യം പുറംലോകമറിയുന്നത്. എന്നാൽ, പാർട്ടിയിലെ ഉന്നതരുടെ സമ്മർദ്ദത്തെ തുടർന്ന് മണിക്കൂറുകൾക്കകം തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇ വി ശശിധരൻ പിൻവലിച്ചു. ഇതിനെ തുടർന്നാണ് കൊവിഡ് പ്രതിരോധ പ്രവർത്തനം മറയാക്കി പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സുഹൃത്തും നടത്തിയ വ്യാപക ക്രമക്കേട് പുറത്തായത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗും, യു ഡി എഫും ജില്ലാ കളക്ടർ, ഡിഎംഒ തുടങ്ങിയവർക്ക് പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വ്യാജ സാനിറ്റൈസർ നിർമ്മാതാക്കൾക്ക് എതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല.

https://youtu.be/DNrI5LvITPc