ചൈത്ര തെരേസ ജോണിനെതിരെ നടപടിയില്ല; റെയ്ഡിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി; നിയമപരമെന്ന് ചെന്നിത്തല

Jaihind News Bureau
Monday, January 28, 2019

chaitra-theresa-and-manoj-a

സിപിഎം ജില്ലാ ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ ഇല്ല. അതേസമയം റെയ്ഡിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തി എന്നാല്‍ റെയ്ഡ് നിയമപരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഡി.സി.പി ചൈത്ര തെരേസ ജോണിന്റെ നടപടി നിയമപരമാണെന്നും  സർക്കാരിന്‍റെ നടപടി പോലീസിന്‍റെ ആത്മവീര്യം തകർക്കുമെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.  സി.പി.എം ജില്ലാ കമിറ്റി ഓഫീസ് നിയമത്തിന് അതീതമല്ലെന്നും  വനിത ഡി.സി.പിക്ക് എതിരെ ഉള്ള വകുപ്പ് തല അന്വേഷണം റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, റെയ്ഡിനെ വിമര്‍ശിച്ച മുഖ്യമന്ത്രി  രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാൻ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ചു.  പാർട്ടി ഓഫീസുകൾ ഇത്തരം പരിശോധനക്ക് വിധേയമാക്കാറില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.  പൊതു പ്രവർത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും പലപ്പോഴും അത് ഉണ്ടാകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു .

പോക്സോ കേസിലെ പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനായി ജില്ലാ സി.പി.എം ജില്ലാ കമിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെതിരെ നടപടിയില്ല.  ഡിസിപിക്കെതിരെയുള്ള സിപിഎം ജില്ലാ കമ്മിറ്റിയുടെ പരാതിയിൽ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു. പോക്സോ കേസിലെ പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒളിവില്‍ കഴിയുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സിറ്റിപോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. എന്നാല്‍ ഇത് പാര്‍ട്ടിക്കെതിരെയുള്ള നീക്കമാണെന്ന് ആരോപിച്ച് സി.പി.എം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കുകയായിരുന്നു. റെയ്ഡ് നടപടി ചട്ടവിരുദ്ധമെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്.

പ്രതികള്‍ ഒളിവില്‍ കഴിയുന്നുവെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് ചൈത്ര നല്‍കിയ വിശദീകരണം. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചില്ലെന്നും ചെറുത്തുനില്‍പ്പ് ഉണ്ടായില്ലെന്നുമുള്ള മൊഴികളാണ് ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ നല്‍കിയത്.

പാര്‍ട്ടിഓഫീസില്‍ നിന്ന് ആരെയും കസ്റ്റഡിയിലെടുക്കാനാകാത്തത് പോലീസില്‍ നിന്നുതന്നെ റെയ്ഡ് വിവരം നേരത്തെ ചോര്‍ന്നതാണെന്നും വിലയിരുത്തുന്നു. എസ്.പി റെയ്ഡ് നടത്തിയ പിറ്റേദിവസം തന്നെ ജില്ലാ മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പെട്ടെന്നുള്ള തീരുമാനമെന്നും ഐ.ജി നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്. ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥയുടെ നിര്‍ദ്ദേശം അനുസരിക്കികയായിരുന്നുവെന്നാണ് മറ്റുള്ളവരുടെ വിശദീകരണം. പത്തുമിനിറ്റില്‍ താഴെ മാത്രമാണ് മേട്ടുകടയിലുള്ള പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ ഐജിക്ക് നല്‍കിയ വിവരം.

കഴിഞ്ഞ 24-ന് രാത്രിയിലായിരുന്നു റെയ്ഡ്. അടുത്ത ദിവസം തന്നെ കോടതിയെ റെയ്ഡ് വിവരങ്ങള്‍ ചൈത്ര അറിയിച്ചിരുന്നു. നടപടികളെല്ലാം പാലിച്ചുള്ള പരിശോധനയായതിനാല്‍ കടുത്ത നടപടിയൊന്നും ഉദ്യോഗസ്ഥക്കെതിരെ എടുക്കാനാവില്ല.

എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം അറിവുണ്ടായിരുന്ന റെയ്ഡ് വിവരം പാര്‍ട്ടി നേതാക്കള്‍ അറിയുകയും പ്രതികളെ മാറ്റാന്‍ അവസരം ലഭിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ടെന്നാണ് വിമര്‍ശനം. റെയ്ഡ് വിവരം ചോര്‍ത്തിയത് ഒരു ഡിവൈഎസ്പിയാണെന്നും റിപ്പോര്‍ട്ടുണ്ട്.