ശബരിമല ആചാര സംരക്ഷണം: ബില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്‍ യു.ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. സഭ ഐകകണ്‌ഠേനയാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്.

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ 2018 സെപ്റ്റംബര്‍ ഒന്നിനു നിലവിലുണ്ടായിരുന്നതു പോലെ നിലനിര്‍ത്താനാണ് ബില്‍ ലക്ഷ്യമിടുന്നത്. ബില്‍ അവതരണത്തിന് അനുമതി ലഭിച്ചതിനു ശേഷം ബില്ലിനെക്കുറിച്ചു സംസാരിക്കാന്‍ പ്രേമചന്ദ്രന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ബില്‍ അവതരിപ്പിക്കാമെന്നും മറ്റു കാര്യങ്ങള്‍ ചട്ടപ്രകാരം അനുവദിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സ്വകാര്യ ബില്‍ ആയതിനാല്‍ നറുക്കെടുപ്പിലൂടെയാവും ഇതു ചര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ബില്ലിനോട് കേന്ദ്ര സര്‍ക്കാര്‍ എന്തു നിലപാടു സ്വീകരിക്കും എന്നതാണ് പ്രസക്തം.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരായ റിവ്യൂ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. സുപ്രിം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാരും ബിജെപിയും ഇതിനോടു യോജിച്ചിരുന്നില്ല.

Comments (0)
Add Comment