
പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാനുള്ള മുഖ്യമന്ത്രിയുടെ പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരെയുള്ള കേസെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. രാഷ്ട്രീയ സദാചാരത്തിന്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് പോലീസിനെ ദുരുപയോഗം ചെയ്യുകയാണ് സർക്കാർ. വ്യക്തികൾ തമ്മിലുള്ള കരാർ ലംഘനം സിവിൽ കേസായി കോടതിയിൽ കൈകാര്യം ചെയ്യേണ്ടതിന് പകരം ക്രിമിനൽ കേസെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഷിബു ബേബി ജോണിന്റെ അന്തരിച്ച ജ്യേഷ്ഠൻ ഷാജി ബേബി ജോൺ, വൃദ്ധയായ മാതാവ് എന്നിവരുൾപ്പെടെ കുടുംബാംഗങ്ങളെ മുഴുവൻ പ്രതിചേർത്താണ് ക്രിമിനൽ കേസെടുത്തിരിക്കുന്നത്. മരണപ്പെട്ട ഒരാളെ പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് പോലീസിനുമേലുള്ള രാഷ്ട്രീയ സമ്മർദ്ദത്തിന്റെ തെളിവാണ്. കുടുംബസ്വത്തായ ഭൂമിയിൽ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകൾ ലംഘിച്ചു എന്നാരോപിച്ച് കേസെടുത്തത് വിചിത്രവും രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് എം.പി പറഞ്ഞു.
നിയമവിരുദ്ധമായ ഈ രാഷ്ട്രീയ പകപോക്കലിന് കേരളത്തിലെ ജനങ്ങൾ കൃത്യമായ മറുപടി നൽകും. കരാർ ലംഘനത്തിന്റെ പേരിൽ കേസെടുക്കുന്നതിലെ നിയമതടസ്സങ്ങൾ പോലീസ് തന്നെ ചൂണ്ടിക്കാട്ടിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഈ നടപടി ഉണ്ടായതെന്നും എൻ.കെ. പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.