വാക്‌സിന്‍ നിര്‍മ്മാണ ലൈസന്‍സ് കൂടുതല്‍ കമ്പനികള്‍ക്കു നല്‍കണം ; പ്രതിപക്ഷ ആവശ്യത്തെ അനുകൂലിച്ച് ഗഡ്കരി

Wednesday, May 19, 2021

Nitin-Gadkari

 

ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് കൂടുതല്‍ കമ്പനികള്‍ക്കു വാക്‌സിന്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് നല്‍കണമെന്ന പ്രതിപക്ഷ ആവശ്യത്തെ അനുകൂലിച്ച് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വാക്‌സിന്‍ ലഭ്യതയേക്കാള്‍ ഏറെ കൂടുതലാണ് ആവശ്യകത എങ്കില്‍ അതു പ്രശ്‌നത്തിനിടയാക്കുമെന്നു ഗഡ്കരി പറഞ്ഞു. ഒരു കമ്പനി എന്നതിനു പകരം പത്തു കമ്പനികള്‍ക്കു വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കണം.

ഓരോ സംസ്ഥാനത്തും ഇത്തരത്തില്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ കഴിയുന്ന മൂന്നോ നാലോ സംവിധാനങ്ങള്‍ ഉണ്ടാകും. രാജ്യത്തു വിതരണം ചെയ്തതിനു ശേഷം അധികമുണ്ടെങ്കില്‍ കയറ്റുമതി ചെയ്യാനുമാകും. 15-20 ദിവസങ്ങള്‍ക്കുള്ളില്‍ ഇതു ചെയ്യാന്‍ കഴിയും. വാക്‌സീന്‍ ക്ഷാമം ഇല്ലാതാക്കാന്‍ ഇതാണു പോംവഴിയെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായുള്ള വിര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ ഗഡ്കരി പറഞ്ഞു.

ഗഡ്കരിയുടെ പ്രസ്താവനയ്ക്കു പിന്നാലെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. ഏപ്രില്‍ 18ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഇതേ ആവശ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഗഡ്കരിയുടെ ബോസ് അത് ചെവിക്കൊള്ളാന്‍ തയാറായില്ലെന്നും ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.