Nitin Gadkari E20 petrol |എന്റെ ബുദ്ധിക്ക് മാസം 200 കോടി രൂപ വിലയുണ്ട് ; തനിക്ക് പണത്തിന് ഒരു കുറവുമില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Jaihind News Bureau
Sunday, September 14, 2025

നാഗ്പൂര്‍: എഥനോള്‍ കലര്‍ത്തിയ പെട്രോളിനായുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരായ വിവാദങ്ങള്‍ക്കിടെ, കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തി. തന്റെ ‘ബുദ്ധിക്ക് മാസം 200 കോടി രൂപ വിലയുണ്ടെന്നും താന്‍ സത്യസന്ധമായി പണം സമ്പാദിക്കുന്നു, അല്ലാതെ തട്ടിപ്പ് കാണിക്കുന്നില്ലെന്നും തനിക്ക് പണത്തിന് ഒരു കുറവുമില്ലെന്നും മന്ത്രി അവകാശപ്പെട്ടു. നാഗ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.

എഥനോള്‍ കലര്‍ത്തിയ പെട്രോള്‍- E20 ശുദ്ധവും വിലകുറഞ്ഞതുമായ ഇന്ധനമായി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ വാഹന ഉടമകള്‍ക്ക് ഒട്ടേറെ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രമുഖ എഥനോള്‍ കമ്പനികളില്‍ രണ്ടെണ്ണം ഗഡ്കരിയുടെ മക്കളാണ് നടത്തുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു നിരസിക്കുകയാണ് മന്ത്രി. തനിക്ക് ഒരു പഞ്ചസാര ഫാക്ടറിയും ഒരു ഡിസ്റ്റിലറിയും ഒരു പവര്‍ പ്ലാന്റും ഉണ്ട്. എന്റെ മകന്‍ പഴങ്ങളുടെ ഇറക്കുമതി- കയറ്റുമതി ബിസിനസിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. വിവാദത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെ, തന്റെ മക്കളെ നിയമപരമായ ബിസിനസ്സ് സംരംഭങ്ങളാണ് താന്‍ നയിക്കുന്നതെന്ന് ഗഡ്കരി വിശദീകരിച്ചു. ‘ഞാന്‍ എന്റെ മക്കള്‍ക്ക് ആശയങ്ങള്‍ നല്‍കുന്നു, പക്ഷേ ഞാന്‍ തട്ടിപ്പ് കാണിക്കുന്നില്ല.

E20 പെട്രോളിനെതിരായ വിമര്‍ശനങ്ങള്‍ ഗഡ്കരി തള്ളിക്കളയുകയാണ് . ഇന്ധനം സുരക്ഷിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണ് സോഷ്യല്‍ മീഡിയ പ്രചാരണങ്ങളെന്നും മന്ത്രി പറഞ്ഞു. ഇന്ധന ഇറക്കുമതി ബദലാണ് E20 എന്നും ചെലവും മലിനീകരണവും കുറയ്ക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ചോളം, കരിമ്പ് തുടങ്ങിയ വിളകള്‍ക്ക് ആവശ്യം സൃഷ്ടിച്ച് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്നതായും സര്‍ക്കാര്‍ വാദിക്കുന്നു.