‘പരിണാമപ്രക്രിയയുടെ ഏതോഘട്ടത്തില്‍ വഴിതെറ്റിപ്പോയ ആ സഹോദരങ്ങളെ നമുക്ക് അനുകമ്പയോടെ സമീപിക്കാം’; പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് നിഷ പുരുഷോത്തമന്‍, കുറിപ്പ്

Jaihind News Bureau
Thursday, August 13, 2020

സമൂഹമാധ്യമങ്ങളിലെ ആക്രമണം കണ്ട് തനിക്ക് പിന്തുണ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമന്‍. പിന്തുണച്ചവരോടുള്ള നന്ദിയും സ്‌നേഹവും വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഈ കുറിപ്പ് വായിച്ച് മേപ്പടി ആളുകൾ വീണ്ടും വാളും പരിചയുമായി ഓടി വന്നേക്കും. പക്ഷേ എന്നെ സ്നേഹിക്കുന്ന ആരും പ്രതികരിക്കരുത് എന്നാണ് അഭ്യര്ഥന. അവഗണനയാണ് ഏറ്റവും നല്ല മറുപടി. മനുഷ്യന്റെ പരിണാമപ്രക്രിയയുടെ ഏതോഘട്ടത്തില് വഴിതെറ്റിപ്പോയ ആ സഹോദരങ്ങളെ നമുക്ക് അനുകമ്പയോടെ സമീപിക്കാം.’- നിഷ കുറിപ്പില്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചിലയാളുകള്‍ നടത്തുന്ന ഹീനമായ ആക്രമണം കണ്ട് എനിക്ക് പിന്തുണയറിയിച്ചവര്‍ക്ക് നന്ദി പറയാനാണ് ഈ കുറിപ്പ്. മൂന്നു ദിവസത്തിലേറെയായി എന്‍റെ ഫോണ്‍ നിലച്ചിട്ടില്ല. അതിനു പുറമെയാണ് സമൂഹമാധ്യമങ്ങളിലൂടെത്തന്നെ പിന്തുണ അറിയിച്ചവര്‍. ആക്രമിച്ചവരോട് വാസ്തവത്തില്‍ എനിക്ക് കടപ്പാടാണുള്ളത്. രണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്. ഒന്ന്, ഇത്രയധികം മലയാളികള്‍ എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു, രണ്ട്,വിവേകം നഷ്ടപ്പെട്ടിട്ടില്ലാത്ത, തികഞ്ഞ ജനാധിപത്യബോധ്യമുള്ള, പ്രബുദ്ധരായ ജനതയായി മലയാളി തുടരുന്നു. വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യത്യസ്തരാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യ നിരീക്ഷകർ, മതനേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍ ,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കേസ് അന്വേഷണത്തില്‍ തികഞ്ഞ ആത്മാര്‍ഥത പുലര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ എനിക്ക് പിന്തുണയറിയിച്ചവരോടുള്ള നന്ദിയും സ്നേഹവും വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണ്.
സൈബര്‍ ആക്രമണമെന്നാല്‍ എന്നെ ആരോ കായികമായി ആക്രമിച്ചതാണ് എന്ന് തെറ്റിദ്ധരിച്ച പ്രായമായ നിരവധി അച്ഛനമ്മമാര്‍ പരിഭ്രാന്തരായി വിളിച്ചു! പുതുതലമുറ ആക്രമണരീതി അവര്‍ക്ക് മനസിലാക്കിക്കൊടുക്കേണ്ടിയും വന്നു.
വാസ്തവത്തില്‍ കായികമായ ആക്രമണത്തിന് തുല്യം തന്നെയാണ് സൈബര്‍ ആക്രമണവും. വെട്ടിയോ കുത്തിയോ പരുക്കേല്‍പ്പിക്കുന്നതുപോലെ ക്വട്ടേഷന്‍സംഘാംഗങ്ങളുടെ അതേ രീതിയില്‍ തന്നെയാണ് സൈബര്‍ അക്രമികളും പ്രവര്‍ത്തിക്കുന്നത്. ശരീരത്തെ ഇല്ലാതാക്കുന്നതിന് പകരം മനസിനെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് മാത്രം. അവര്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ആയുധം ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ രൂപത്തിലോ ട്വീറ്റിന്‍റെ രൂപത്തിലോ ,ഒരു കമന്‍റിന്‍റെ രൂപത്തിലോ ആവാം. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ സ്ത്രീകളാവും ഇത്തരക്കാരുടെ മുഖ്യഇര. പ്രത്യേകിച്ചും സ്വന്തമായ നിലപാടുകള്‍ ഉള്ള സ്ത്രീകള്‍. പ്രശസ്ത അമേരിക്കന്‍ നടി ബെറ്റ് ഡേവിസ് ഒരിക്കല്‍ പറഞ്ഞു. “ഒരു പുരുഷന്‍ തന്‍റെ അഭിപ്രായം പറഞ്ഞാല്‍ അവന്‍ പുരുഷനാണ്. സ്ത്രീ പറഞ്ഞാല്‍ അവള്‍ വേശ്യയാവും.” പൊതുസമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുന്ന സ്ത്രീകള്‍ പുരുഷമേധാവിത്വത്തിന് വെല്ലുവിളിയാണ് എന്ന, നമ്മുടെ സമൂഹത്തിന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അരക്ഷിതബോധമാണ് വാസ്തവത്തിൽ സ്ത്രീക്ക് നേരെ തിരിയാന്‍ ഒരു കൂട്ടം ആളുകളെ പ്രേരിപ്പിക്കുന്നത്. ഇത്തരക്കാര്‍ സ്വന്തം കുടുംബത്തിലും സ്ത്രീയെ രണ്ടാംതരം പൗരയായി കാണുന്നവരാകും എന്നതില്‍ സംശയമില്ല.
മറ്റൊന്ന് സാങ്കേതിവിദ്യയുടെ വളര്‍ച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ എത്തിനില്‍ക്കുന്ന ഇക്കാലത്തും ഈ അക്രമികളുടെ തെറ്റിദ്ധാരണ സ്ത്രീ പൊതുവെ ദുര്‍ബലയാണെന്നും എളുപ്പത്തില്‍ ആക്രമിച്ച് കീഴടക്കാന്‍ കഴിയും എന്നുമാണ്. വാസ്തവത്തില്‍ ഇങ്ങനെ ചിന്തിക്കുന്ന ആളുകള്‍ക്കാണ് ബുദ്ധിവികാസം വന്നിട്ടില്ലാത്തത്. നമുക്കു ചുറ്റും തന്നെ ഒന്നു കണ്ണോടിച്ചാല്‍ പെണ്‍കരുത്തിന്‍റെ എത്രയോ ഉദാഹരണങ്ങളുണ്ട്. ഇപ്പോള്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തനം സംബന്ധിച്ച ചിലകാര്യങ്ങളും നിങ്ങളുമായി കൂട്ടായ ചിന്തയ്ക്ക് പങ്കുവയ്ക്കേണ്ടതുണ്ട് എന്ന് കരുതുന്നു. വാര്‍ത്തകളിലെ വസ്തുതാപരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ഞാനടക്കം എല്ലാ മാധ്യമപ്രവര്‍ത്തകരും നൂറുശതമാനവും ശ്രദ്ധിക്കേണ്ടതാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ മാനുഷികമായി സംഭവിക്കുന്ന നാക്കുപിഴയെപ്പോലും അതിനിന്ദ്യമായ ആക്രമണത്തിന് കാരണമാക്കി എന്നതാണ് എന്‍റെ കാര്യത്തില്‍ കണ്ട ഒരു പുതിയ പ്രവണത. അത് നാക്കുപിഴയാണ് എന്ന് എനിക്കെതിരെ സൈബര്‍ ക്വട്ടേഷന്‍ കൊടുത്ത ആളുകള്‍ക്കും അറിയാഞ്ഞിട്ടല്ല. പക്ഷേ അതൊരു സംഘടിതമായ ക്രിമിനല്‍ ഗൂഢാലോചനയായി മാറുകയാണ്. അതിന് അടിസ്ഥാനകാരണം ചാനൽ ചർച്ചയിൽ ഞാൻ ഉന്നയിച്ചിട്ടുള്ള ചില അപ്രിയ ചോദ്യങ്ങളാണ്. ഈ ആക്രമണത്തിൽ പങ്കാളികളാവാന്‍ ഇത്രയധികം ആളുകള്‍ വന്നതിലും എനിക്ക് അദ്ഭുതമില്ല. കാരണം അത് മനുഷ്യന്‍ എന്ന ജീവിക്ക് മാത്രം സാധ്യമാവുന്ന ഒന്നാണ്. ഒരു വസ്തുത അത് യാഥാര്‍ഥ്യമല്ല, എന്ന് അറിയാമെങ്കിലും അതില്‍ വിശ്വസിക്കുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന പ്രപഞ്ചത്തിലെ ഏക ജീവിയാണ് മനുഷ്യന്‍. പരിണാമപ്രക്രിയയില്‍ മനുഷ്യന്‍ മാത്രം ആര്‍ജിച്ച ഒരു പ്രത്യേകതയാണത്. അവാസ്തവമായ ഒന്ന് ശരിയാണന്ന മിഥ്യാബോധത്തില്‍ നില്‍ക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യുക എന്നത് മനുഷ്യകുലത്തിന്‍റെ ശക്തിയും ദൗര്‍ബല്യവുമാണ്. ആ മിഥ്യാബോധത്തിന്‍റെ ഭാഗമായി ആക്രമണത്തിന് ഇറങ്ങുന്നവരാണ് എന്‍റെ അതേ പേര് ആയി എന്നതിന്‍റെ പേരില്‍ മറ്റൊരു സ്ത്രീയെപ്പോലും ആക്രമിക്കുന്നത്. ഇത് തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ അക്കൂട്ടരോട് സഹതപിക്കാനേ ആവൂ. ജനാധിപത്യത്തിലെ മാധ്യമങ്ങളുടെ പങ്കുസംബന്ധിച്ച ഗൗരവതരമായ ചില ചര്‍ച്ചകള്‍ കൂടി ഇവിടെ നടക്കേണ്ടതുണ്ട്. കേവലം പുലയാട്ടുകളും അസഭ്യവര്‍ഷം ചൊരിയുന്നവരുമായ പാവങ്ങളെ മാറ്റി നിര്‍ത്തുക. അങ്ങനെയല്ലാത്ത ചിലവ്യക്തികള്‍ പറഞ്ഞ കമന്‍റുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഞാന്‍ ഏറെ ബഹുമാനത്തോടെ കണ്ടിരുന്ന ഒരു വ്യക്തി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്, “പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ ടെലിവിഷന്‍ സംവാദത്തില്‍ ഉയര്‍ത്തുന്നത് എത്ര പരിഹാസ്യമാണ് ” എന്നാണ്. മറ്റൊന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ നടത്തുന്ന വ്യക്തിഹത്യയെക്കുറിച്ച് മുഖ്യമന്ത്രിയോട് എന്തിന് ചോദിക്കണം എന്നതാണ് ! പ്രതിപക്ഷം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേകരാഷ്ട്രീയ കക്ഷി എന്ന് ചുരുക്കിക്കാണുന്നതാണ് പ്രശ്നം. ഭരണത്തിലല്ലാത്ത എല്ലാ കക്ഷികളും പ്രതിപക്ഷമാണ് എന്നാണ് എന്‍റെ ധാരണ. അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഭരണകക്ഷിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നതാണ് ജനാധിപത്യത്തിന്‍റെ കരുത്ത്. പ്രതിപക്ഷം പറയുന്നകാര്യങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടാലും മാധ്യമപ്രവര്‍ത്തകര്‍ കണ്ണടയ്ക്കുന്നത് ജനാധിപത്യത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയാണ്. ഏത് സര്‍ക്കാര്‍ ഭരിക്കുമ്പോളും ആ പ്രവണത ദോഷം ചെയ്യും. How Democracies Die എന്ന പുസ്തകത്തില്‍ പ്രമുഖ രാഷ്ട്രതന്ത്രജ്ഞരായ സ്റ്റീവന്‍ ലെവിസ്കിയും ഡാനിയേല്‍ സിബ്ലത്തും പറയുന്ന ഒന്നുണ്ട്. ജനാധിപത്യത്തിന്‍റെ തകര്‍ച്ചയ്ക്ക് തുടക്കമിടുന്ന സംഭവങ്ങള്‍ക്ക് നിയതമായ ഒരു സ്വഭാവമില്ല. പക്ഷേ അതിന്‍റെ പ്രധാനലക്ഷണങ്ങളിലൊന്ന് പ്രതിപക്ഷത്തോടും മാധ്യമങ്ങളോടുമുള്ള അസഹിഷ്ണുതയാണ്.
ഹ്യൂഗോ ഷാവേസ് അദ്ദേഹത്തിന്‍റെ എതിരാളികളെ വിശേഷിപ്പിച്ചത് ‘വൃത്തികെട്ട പന്നികള്‍’ എന്നാണ്. തുര്‍ക്കിയിലെ എര്‍ദോഗന്‍ മാധ്യമപ്രവര്‍ത്തകരെ തീവ്രവാദികള്‍ എന്നാണ് വിളിച്ചത്. ഏകാധിപത്യത്തെ പുല്‍കാന്‍ ആഗ്രഹിച്ച പല ഭരണാധികാരികളും എതിര്‍രാഷ്ട്രീയ പാര്‍ട്ടികളെയും മാധ്യമങ്ങളെയും കുറിച്ച് ഇത്തരം വിശേഷണങ്ങള്‍ നിരന്തരം നടത്താറുണ്ട്. തങ്ങളുടെ പിടിപ്പുകേടുകളെയും കൊള്ളരുതായ്മകളെയും മറച്ചുവയ്ക്കാന്‍ അവര്‍ക്ക് ഏറ്റവും നല്ലമാര്‍ഗവും ഇതാണെന്ന് പ്രമുഖ്യജനാധിപത്യനിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരായ സമരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പത്രപ്രവര്‍ത്തകയൂണിയന്‍ ഡല്‍ഹിഘടകം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത് സിപിഎം ജനറല്‍ സെക്രട്ടറി ശ്രീ സീതാറാം യെച്ചൂരി പറഞ്ഞ വാക്കുകള്‍ ഇവിടെയാണ് പ്രസക്തമാവുന്നത്. “സ്വേച്ഛാധിപത്യവും സമഗ്രാധിപത്യവും അസഹിഷ്ണുതയും മുഖമുദ്രയാക്കിയ സര്‍ക്കാരുകളുടെ ആദ്യ ലക്ഷ്യം മാധ്യമങ്ങളായിരിക്കും. പക്ഷേ അങ്ങനെയുള്ള നീക്കത്തില്‍ പ്രതിഫലിക്കുന്നത് സ്വന്തം പരാജയവും ദൗര്‍ബല്യങ്ങളുമാണ്”.
പക്ഷേ കരുത്തുറ്റ ജനാധിപത്യരാജ്യങ്ങളില്‍ അത്തരം നീക്കങ്ങള്‍ ബൂമറാങ്ങ് പോലെ ഭരണാധികാരികൾക്കുമേല്‍ പതിക്കുന്നതും നാം കാണാറുണ്ട്. മാധ്യമങ്ങള്‍ കൂടുതല്‍ കരുത്തരായി ഉണര്‍ന്നെണീക്കുകയും സര്‍ക്കാരുകള്‍ തിരിച്ചടി നേരിടുകയും ചെയ്ത നിരവധിസംഭവങ്ങള്‍ ലോകത്തുണ്ട്.
മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നുവെന്നാണ് പരാതിയെങ്കില്‍ വസ്തുകള്‍ ജനങ്ങള്‍ക്കു ബോധ്യപ്പെടുന്ന തരത്തില്‍ അവതരിപ്പിക്കുകയാണ് ഉത്തരവാദിത്തമുള്ള ഭരണാധികാരികള്‍ ചെയ്യേണ്ടത്. അതിന് അവർ ആരെയും ഭയക്കേണ്ടതില്ല. മാധ്യമപ്രവർത്തനവും സർക്കാരിൻ്റെ PR ജോലിയും രണ്ടാണെന്ന തിരിച്ചറിവ് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഉണ്ടാവണം. ഇതു രണ്ടും സമാന്തരമായി മുന്നേറട്ടെ. പക്ഷേ സ്വതന്ത്രമാധ്യമപ്രവർത്തനത്തോട് പരിധിവിട്ട അസഹിഷ്ണുത ആർക്കും ഗുണം ചെയ്യില്ല.
” കപ്പലകത്തൊരു കള്ളനിരുന്നാൽ എപ്പൊഴുമില്ലൊരു സുഖമറിയേണം ” എന്ന കുഞ്ചൻ നമ്പ്യാരുടെ വരികൾ ഭരണാധികാരികൾ ഇടയ്ക്കിടെ ഓർമിക്കുന്നതും നന്നാവുമെന്ന് തോന്നുന്നു.
മറ്റൊന്ന് മാധ്യമപ്രവര്‍ത്തകരുടെയോ മറ്റാരുടെയോ ആകട്ടെ പൗരന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. അവിടെ ഭീഷണി ഉയരുമ്പോൾ മാധ്യമപ്രവര്‍ത്തകരോ തൊഴിലാളികളോ അഭിഭാഷകരോ ആവട്ടെ ആ സമൂഹം ഭരണതലപ്പത്തുള്ളവരോട് അതെക്കുറിച്ച് ആവലാതികൾ ഉന്നയിക്കുക സ്വാഭാവികമാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനം ആ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന കുറച്ചാളുകളുടേതാകാം. പക്ഷേ സര്‍ക്കാര്‍ ഒരു രാജ്യത്തെ എല്ലാ പൗരന്‍മാരുടേതും ആണ്. അവിടെ തുല്യഅവകാശങ്ങളാണ്. മാധ്യമപ്രവര്‍ത്തകനായതുകൊണ്ട് അവകാശങ്ങള്‍ കുറച്ചേ ഉള്ളൂ എന്നു പറയുന്നതിനോട് യോജിക്കാനാവില്ല.
പകയുടെയും വിദ്വേഷത്തിന്‍റെയും അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത ‘വ്യക്തിയാണ് ഞാന്‍. മാധ്യമപ്രവർത്തകയുടെ / പ്രവർത്തകൻ്റെ അച്ഛനോ അപ്പൂപ്പനോ മുമ്പെങ്ങോ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ അംഗമായിരിക്കുക, അച്ഛനും അമ്മയും വ്യത്യസ്ത മതക്കാരായിരിക്കുക, മാധ്യമപ്രവർത്തകർ വിവാഹമോചനം നേടുക, മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുക ഇതെല്ലാമാണ് നമ്മുടെ അസഹിഷ്ണുതയ്ക്ക് പാത്രമാവുന്ന വിഷയങ്ങളെങ്കില്‍ നാം മുന്നോട്ടല്ല ബഹുദൂരം പിന്നോട്ടാണ് പോകുന്നതെന്ന് സ്വയം വിലയിരുത്തേണ്ടി വരും.
എന്തു തന്നെ ആയാലും വിദ്വേഷരാഷ്ട്രീയം നമുക്ക് വേണ്ട എന്നാണ് നിങ്ങൾ സുഹൃത്തുക്കളോട് എനിക്ക് അഭ്യർഥിക്കാനുള്ളത്. സൈബര്‍ ആയുധങ്ങളുമായി വെട്ടിമുറിവേല്‍പ്പിച്ചവരോടും എനിക്ക് ഒരു പകയുമില്ല. നിയമവാഴ്ച ഉറപ്പാക്കുക എന്ന പൗരബോധത്തിന്‍റെ ഭാഗമായാണ് നിയമവഴിക്ക് നീങ്ങിയത്.
ചെറുപ്പത്തില്‍ വീട്ടില്‍ ഏറ്റവുമധികം കേട്ടിട്ടുള്ള ഗാന്ധിജിയുടെ പ്രിയ ഭജനിലെ വരികളാണ് മനസില്‍ എന്നും മുഴങ്ങന്നത്. “സര്‍വചരാചരങ്ങളെയും ആദരിക്കുകയും കുറ്റപ്പെടുത്തലുകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുന്നവരാണ് വൈഷ്ണവര്‍ .…..
വാക്കിലും പ്രവര്‍ത്തിയിലും ശുദ്ധിപുലര്‍ത്തുന്നവര്‍, എല്ലാ മനുഷ്യരെയും തുല്യരായി കാണുകയും സ്വന്തം അമ്മയെ എന്ന പോലെ എല്ലാ സ്ത്രീകളെയും ബഹമാനിക്കുകയും ചെയ്യുന്നവരാണ് അവര്‍…..” അതായിരിക്കണം എന്നെ സ്നേഹിക്കുന്നവരുടെയും രീതി എന്നാണ് ആഗ്രഹം. അവസാനിപ്പിക്കും മുമ്പ് ഡിന്‍ തി ഹുയെന്‍ എന്ന, സോഫിയ എന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ വിളിക്കുന്ന ചൈനീസ് മാധ്യമപ്രവര്‍ത്തകയെക്കുറിച്ചു കൂടി….ഏത് പ്രതിസന്ധിഘട്ടത്തിലും ചിരിച്ചുകൊണ്ട് വിളിച്ച് ആശ്വസിപ്പിക്കാറുള്ള പ്രിയ കൂട്ടുകാരിക്ക് ഇക്കുറി എന്നെ വിളിക്കാനായില്ല. അവർ ചൈനയിലെ കറുത്തജയിലിലാണ് (black jail) ഹോങ്കോങ്ങിലെ ജനാധിപത്യപ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്തതിന് ചൈനീസ് സര്‍ക്കാര്‍ ആജീവനാന്ത തടങ്കലിലാക്കിയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ വിവരമന്വേഷിച്ച് വിളിച്ചപ്പോള്‍ സോഫിയയുടെ സുഹൃത്ത് പറഞ്ഞു, ചൈനയിലെ കറുത്തജയിലില്‍ പോയവരാരും പിന്നെ ജീവനോടെ മടങ്ങി വന്നിട്ടില്ല ! സോഫിയയുടെ അമ്മയുടെ വേദനയോര്‍ക്കുമ്പോള്‍ എന്‍റെ മാതാപിതാക്കളുടെ വിഷമം എത്രയോ ചെറുത്. എന്തെല്ലാം കുറവുകൾ ഉണ്ടായാലും ജനാധിപത്യത്തെ നെഞ്ചേറ്റിയ ഒരു രാജ്യത്തല്ലേ നമ്മള്‍ ജീവിക്കുന്നത് !. അതല്ലേ നമ്മുടെ ഏറ്റവും വലിയ കരുത്ത്…….
സ്നേഹത്തോടെ,
നിഷ
വാല്‍ക്കഷണം… ഈ കുറിപ്പ് വായിച്ച് മേപ്പടി ആളുകൾ വീണ്ടും വാളും പരിചയുമായി ഓടി വന്നേക്കും. പക്ഷേ എന്നെ സ്നേഹിക്കുന്ന ആരും പ്രതികരിക്കരുത് എന്ന് അഭ്യര്‍ഥന. അവഗണനയാണ് ഏറ്റവും നല്ല മറുപടി. മനുഷ്യന്‍റെ പരിണാമപ്രക്രിയയുടെ ഏതോഘട്ടത്തില്‍ വഴിതെറ്റിപ്പോയ ആ സഹോദരങ്ങളെ നമുക്ക് അനുകമ്പയോടെ സമീപിക്കാം.

https://www.facebook.com/nishapurushoth2/posts/2356169608012274