വിശ്വാസികളെ കുത്തിനോവിച്ചവര്‍ക്ക് വീണ്ടും തിരിച്ചടി ഉറപ്പ്

Jaihind News Bureau
Sunday, October 13, 2019

  • മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.പി.സി.സി പ്രസിഡന്റ് –

‘പഞ്ചപാണ്ഡവര്‍ കട്ടില്‍ക്കാലുപോലെ അഞ്ച്’ എന്ന പറഞ്ഞതുപോലെയാണ് ശബരിമല സംബന്ധിച്ച സിപിഎമ്മിന്റെ അവസ്ഥ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ അഞ്ചു സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് ശബരിമല സംബന്ധിച്ച് വ്യത്യസ്ത നിലപാട്. മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും മറ്റൊരു നിലപാട്. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി പത്തു വോട്ടുപിടിക്കാനുള്ള സിപിഎമ്മിന്റെ വ്യഗ്രതയാണ് ഈ അവിശുദ്ധ നിലപാടുകളില്‍ തെളിഞ്ഞു കാണുന്നത്.

ശബരിമല ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായതിനാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ദയനീയമായ പ്രകടനം യുഡിഎഫ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് പ്രചാരണം നടത്തുന്നതിനിടയിലാണ് സിപിഎമ്മിന്റെ മഞ്ചേശ്വരം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ ശബരിമല വിഷയം എടുത്തിട്ടത്. യഥാര്‍ത്ഥ വിശ്വാസമുള്ള കമ്യൂണിസ്റ്റാണു താനെന്നും ശബരിമലയില്‍ ആചാരവിധിപ്രകാരം പോയിട്ടുണ്ടെന്നും ആചാരങ്ങള്‍ മാറ്റിമറിക്കുന്നതിനോടു യോജിപ്പില്ലെന്നുമാണ് ശങ്കര്‍ റൈ പറഞ്ഞത്. ക്ഷേത്രദര്‍ശനം നടത്തി സഹപ്രവര്‍ത്തകര്‍ക്കു പ്രസാദം വിതരണം ചെയ്തശേഷമാണ് സിപിഎം കാസര്‍കോഡ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ റൈ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയാണ് മത്സരത്തിനിറങ്ങിയത്. ചുരുക്കത്തില്‍ രണ്ടു സംഘപരിപവാര്‍ സ്ഥാനാര്‍ത്ഥികളെയാണ് യുഡിഎഫ് മഞ്ചേശ്വരത്തു നേരിടുന്നത്. ശബരിമലയുടെ സമീപത്തുള്ള കോന്നിയിലെ ഇടതു സ്ഥാനാര്‍ഥി കെ.യു ജനീഷ്‌കുമാറും ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന് ആവര്‍ത്തിക്കുന്നു. മന്ത്രി ഇ.പി ജയരാജനാകട്ടെ ഒരുപടി കൂടി കടന്ന് തെരഞ്ഞെടുപ്പ് വിജയത്തിന് അയ്യപ്പന്റെ അനുഗ്രഹം തേടുന്നു. അങ്ങനെ ശബരിമല വിഷയം, എല്‍ഡിഎഫ് തന്നെ വീണ്ടും സജീവമായ ചര്‍ച്ചാ വിഷയമാക്കി.

ശബരിമലയിലെ തെറ്റും ശരിയും

ശബരിമല വിധിക്കെതിരേ നല്കിയ പുന:പരിശോധനാ ഹര്‍ജികളും റിട്ടും ഉള്‍പ്പെടെയുള്ള 65 പരാതികളില്‍, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് നവം 17നു വിരമിക്കുന്നതിനു മുമ്പ് അന്തിമവിധി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. എന്നാല്‍, വിശ്വാസികളുടെ വികാരം മാനിച്ചുള്ള ഒരു നടപടിയും പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതാണ് വിശ്വാസികളെ ആശങ്കയിലാക്കുന്നത്. നിയമനിര്‍മാണ സാധ്യതകളെ പിണറായി സര്‍ക്കാരും മോദി സര്‍ക്കാരും തള്ളിക്കളഞ്ഞു. വിശ്വാസം സംരക്ഷിക്കാന്‍ കൂടെയുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്ന് വാഗ്ദാനം ചെയ്തത്, അധികാരം കിട്ടിയതോടെ പാടേ മറന്നു.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ 36 ദിവസം കൊണ്ട് ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ 35 ബില്ലുകള്‍ ബിജെപി സര്‍ക്കാര്‍ പാസാക്കി. എന്നാല്‍, യുഡിഎഫ് പ്രതിനിധി എന്‍.കെ പ്രേമചന്ദ്രന്‍ ശബരിമല സംബന്ധിച്ച് അവതരിപ്പിച്ച സ്വകാര്യബില്ലിനെ ബിജെപി സര്‍ക്കാര്‍ എതിര്‍ത്തു. ബില്ലിന് അവതരണാനുമതി നല്കരുതെന്ന് ബിജെപി വക്താവും എംപിയുമായ മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ആദ്യനിയമസഭാ സമ്മേളനത്തില്‍ തന്നെ ശബരിമല സംബന്ധിച്ച നിയമനിര്‍മാണം നടത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലമാണ് ശബരിമല വിഷയത്തിലെ ശരിയെന്നു കാലം തെളിയിച്ചു. നേരേ വിപരീത സത്യവാങ്മൂലം നല്കിയ പിണറായി സര്‍ക്കാര്‍ വിശ്വാസികളെ തെറ്റെന്നും കാലം തെളിയിച്ചു.
വീണ്ടുമൊരു മണ്ഡലകാലം എത്താറായി. യുവതികളെ അവിടെ പ്രവേശിപ്പിക്കുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയം അടിയന്തരമായി വ്യക്തമാക്കേണ്ടതുണ്ട്. വിശ്വാസസംരക്ഷണത്തിന് എതിരേ വടിവാളുമായി നില്ക്കുന്നത് പിണറായി വിജയനാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. പാര്‍ട്ടി തിരുത്തിയാലും പിണറായി തിരുത്തില്ല. തനിക്കൊരിക്കലും തെറ്റുപറ്റില്ലെന്നു വിശ്വസിക്കുന്ന ഭരണാധികാരിയാണ് അദ്ദേഹം. ഹിറ്റ്‌ലറും മുസോളനിയുമൊക്കെ അങ്ങനെ വിശ്വസിച്ചിരുന്നവരാണ്. കഴിഞ്ഞ മണ്ഡലകാലത്ത് ഉണ്ടായ കനത്ത സാമ്പത്തിക നഷ്ടം നികത്താന്‍ സര്‍ക്കാര്‍ 100 കോടി രൂപ ശബരിമലയ്ക്ക് നല്കുമെന്നു പറഞ്ഞെങ്കിലും അതു പാലിച്ചില്ല.

എന്‍എസ്എസിന്റെ ശരിദൂരം

എന്‍എസ്എസ് അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമായും ശക്തമായും അവതരിപ്പിച്ചത് ഇടതുപക്ഷ, ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സമുദായം ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഈശ്വരവിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും സംരക്ഷണമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം സമുദായം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് നേരിടുന്ന അവഗണനയും അദ്ദേഹം അക്കമിട്ടു നിരത്തി. എല്ലാ സമുദായങ്ങളും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന കേരളത്തില്‍ എല്ലാ സര്‍ക്കാരുകളും സാമുദായിക സന്തുലിതാവസ്ഥ പാലിക്കാറുണ്ട്. എന്നാല്‍, പിണറായി സര്‍ക്കാര്‍ ചിലരെ തലോടുകയും മറ്റു ചിലരെ അവഗണിക്കുകയും ചെയ്തു. അതു കേരളത്തെ വര്‍ഗീയവത്കരിച്ചുവെന്നു മാത്രമല്ല, വര്‍ഗീയതയെ സ്ഥാപനവത്കരിക്കാനും ശ്രമിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി വര്‍ഗീയതയെ സ്ഥാപനവത്കരിക്കുകയാണു ചെയ്തത്. ഏതാനും പോക്കറ്റ് സംഘടനകളെ ഉപയോഗിച്ച് കേരളത്തിന്റ ചരിത്രത്തില്‍ ആദ്യമായായാണ് മറുവിഭാഗത്തിലുള്ള എല്ലാവരെയും താഴ്ത്തിക്കെട്ടാനുള്ള സര്‍ക്കാര്‍ നടപടി ഉണ്ടായത്. ഇതു തിരിച്ചറിഞ്ഞ് സമിതിയിലെ 50ലേറെ സംഘടനകള്‍ പുറത്തുപോകുകയും ചെയ്തു. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള പ്രമുഖ സമുദായ സംഘടനകളെയും സമുദായങ്ങളെയും സമിതിയില്‍ നിന്ന് ആദ്യമേ തന്നെ മാറ്റി നിര്‍ത്തി. കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ, നവോത്ഥാന സംരക്ഷണസമതിയിലെ സംഘടകള്‍ക്കൊ ഒരു പങ്കുമില്ലെന്ന് ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് അറിയാം. ദേശീയപ്രസ്ഥാനം മാത്രമാണ് അന്ന് സാമൂഹിക വിപ്ലവം നയിച്ച മഹാരഥാ•ാരോപ്പം ഉണ്ടായിരുന്നത്.

അപഹാസ്യമായ നിലപാട്

സംസ്ഥാനത്ത് ഇന്ന് അപഹാസ്യമായ നിലയിലേക്കു കൂപ്പുകുത്തിയ പ്രസ്ഥാനമാണ് ബിഡിജെഎസ്. ചോറ് ബിജെപിയിലും കൂറ് സിപിഎമ്മിലും എന്നതാണ് അതിന്റെ അവസ്ഥ. എന്‍ഡിഎ മുന്നണിയില്‍ നില്ക്കുമ്പോഴാണ് അവര്‍ പാലായില്‍ തങ്ങളുടെ വോട്ട് ഇടതുമുന്നണിക്കു മറിച്ചത്. ഗള്‍ഫിലെ ചെക്കു കേസിന്റെ ഉപകാരസ്മരണ മാത്രമായി അതിനെ കാണാന്‍ കഴിയില്ല. ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും അവര്‍ക്ക് വ്യക്തമായ നിലപാടില്ല. അരൂരില്‍ അവര്‍ സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തിയില്ല. ബിജെപിയുടെ കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ബിഡിജെഎസ് നേതാക്കള്‍ എത്ര തവണ ഡല്‍ഹിക്കു പോയെന്ന് അവര്‍ക്കു തന്നെ അറിയില്ല. അമിത് ഷായുടെ കാലുപിടിച്ചിട്ടും കരഞ്ഞപേക്ഷിച്ചിട്ടും ഇതുവരെ ഒരു പ്രയോജനവും ഉണ്ടായതുമില്ല. എന്‍ഡിഎ മുന്നണി വിടുമെന്നു ബിഡിജെഎസ് ഭീഷണി മുഴക്കിയിട്ട് കാലംകുറെയായി. അരൂരും എറണാകുളത്തും ബിജെപി ജയിക്കില്ലെന്നു ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തുറന്നടിക്കുകയും ചെയ്തു. ബിജെപിയുടെ ഗതികേട് എന്നല്ലാതെ എന്തു പറയാന്‍!

വെട്ടിനിരത്തപ്പെട്ട കുമ്മനം

ബിജെപി ഏറ്റവും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്നു പ്രതീക്ഷിച്ച വട്ടിയൂര്‍ക്കാവില്‍ അവരുടെ അവസ്ഥ പരമദയനീയം. മുതിര്‍ന്ന സംഘപരിവാര്‍ നേതാവ് കുമ്മനം രാജശേഖരനെ വെട്ടിനിരത്തിയാണ് ബിജെപി ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനു സീറ്റു നല്കിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തം നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച കുമ്മനത്തെ ഏറെ നിര്‍ബന്ധിച്ചാണ് വട്ടിയൂര്‍ക്കാവിലേക്ക് ആനയിച്ചത്. എന്നാല്‍, പാര്‍ട്ടി കേന്ദ്രനേതൃത്വം അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചു. ബിജെപിയുടെ കണ്ണൂര്‍ ലോബിയുടെ ശക്തമായ സ്വാധീനമാണ് ഇതു തെളിയിക്കുന്നത്. ഒ.രാജഗോപാല്‍ മോഡലിലോ, മാണി സി കാപ്പന്‍ മോഡലിലോ കുമ്മനം വട്ടിയൂര്‍ക്കാവില്‍ ജയിച്ചു കയറുമെന്ന പ്രതീക്ഷ ബിജെപി കേന്ദ്രങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു. പക്ഷേ, തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം പുറത്തായതോടെ ബിജെപി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ന്നുപോയി.
കോന്നിയില്‍ തങ്ങളുടെ തലയ്ക്കുമുകളിലൂടെ കൊണ്ടുവന്ന സ്ഥാനാര്‍ത്ഥി കെ.യു ജനീഷ്‌കുമാറിനു വേണ്ടി സിപിഎം ജില്ലാ കമ്മിറ്റി അനങ്ങുന്നില്ല. സംസ്ഥാന നേതാക്കളും മന്ത്രിമാരുമൊക്കെയാണ് പ്രചാരണരംഗത്തുള്ളത്. ജനീഷ് കുമാറിനെതിരേ പാര്‍ട്ടി ജില്ലാ സെക്രട്ടറി പരസ്യമായി രംഗത്തുവന്നിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ കിട്ടിയ സ്വീകാര്യത ഇപ്പോള്‍ കിട്ടുന്നതേയില്ല. അരൂരില്‍ മന്ത്രി ജി. സുധാകരന്റെ പൂതന പ്രയോഗമാണ് സിപിഎമ്മിന്റെ അടിവേരു മാന്തുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്കെതിരേ പിണറായി വിജയനും രമ്യ ഹരിദാസ് എംപിക്കെതിരേ എ. വിജയരാഘവനും നടത്തിയ പരാമര്‍ശങ്ങളേക്കാള്‍ തരംതാണ പ്രയോഗമാണ് സുധാകരന്‍ നടത്തിയത്. തങ്ങള്‍ തോല്‍ക്കുമെന്നു വ്യക്തമായപ്പോഴാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ അരൂരില്‍ ആര്‍എസ്എസ് നേതാക്കളുടെ വീട് സന്ദര്‍ശിച്ച് വോട്ടു കച്ചവടം ഉറപ്പിച്ചത്. അരൂരില്‍ ബിഡിജെഎസ് മത്സരംഗത്തുനിന്നു പി•ാറുകയും ബിജെപി അപരിചിതനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുകയും ചെയ്തതോടെയാണ് വോട്ടുകച്ചവടത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞത്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദും മഞ്ചേശ്വരത്ത് രണ്ട് സംഘപരിവാറുകാരെ നേരിടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി കമറുദ്ദീനും ഏറെ മുന്നിലാണ്.

സെമിഫൈനല്‍

കേരളത്തിന്റെ ഒരു ചെറിയ പതിപ്പിലാണ് ഇപ്പോള്‍ ഉപതെരഞ്ഞടുപ്പ് നടക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകളെ പ്രതിനിധാനം ചെയ്യുന്നവയാണ് അഞ്ചു മണ്ഡലങ്ങള്‍. കേരളത്തിന്റെ പൊതുവികാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള സെമിഫൈനലാണിത്. അതുള്‍ക്കൊണ്ട് കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആവേശകരമായി മുന്നേറുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സമ്പൂര്‍ണ പരാജയത്തിന്റെ നേര്‍ചിത്രം ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണു മുന്നോട്ടുപോകുന്നത്. വിശ്വാസികളെ കുത്തിനോവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് വീണ്ടുമൊരു തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാം.