നിദാ ഫാത്തിമയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഉച്ചയോടെ ഖബറടക്കം

ആലപ്പുഴ: നാഗ്പൂരിൽ മരിച്ച മലയാളി സൈക്കിൾ പോളോ താരം നിദാ ഫാത്തിമയുടെ മൃതദേഹം ആലപ്പുഴ അമ്പലപ്പുഴയിലെ വീട്ടില്‍ എത്തിച്ചു.

ഇന്നു രാവിലെ ആറു മണിയോടെയാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ഇന്നലെ രാത്രി പത്തുമണിക്ക് നാഗ്പൂരില്‍ നിന്നുള്ള വിമാനത്തില്‍ ബെംഗളൂരുവിലേക്ക് കൊണ്ടുവന്ന മൃതദേഹം കണ്ണൂര്‍ വഴിയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്.  അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്‍റ്  ഒളിംപ്യൻ മേഴ്‌സിക്കുട്ടൻ എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പിതാവ് ശിഹാബുദ്ദീനും മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു.

രാവിലെ ഒൻപതു മണിക്ക് ശേഷം നിദ പഠിച്ച നീർക്കുന്നം എസ്.ടി.വി സ്‌കൂളിൽ പൊതുദർശനം നടക്കും. ഇവിടെ സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്തിമോപചാരം അർപ്പിക്കും. ശേഷം കാക്കാഴത്തെ കുടുംബവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. അവിടെയും അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യമുണ്ടാകും. 12.30ന് കാക്കാഴം പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.

ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഡിസംബർ 20നാണ് നിദ അടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛർദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.

Comments (0)
Add Comment