മുംബൈ ഭീകരാക്രമണത്തില്‍ ദാവൂദ് ഇബ്രാഹിമിന് പങ്ക്? പരിശോധിക്കാന്‍ എന്‍ഐഎ

Jaihind News Bureau
Monday, April 14, 2025

മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണക്ക്, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പരിശോധിക്കാന്‍ എന്‍ഐഎ. ദുബായില്‍ എത്തിയ റാണ കണ്ട വ്യക്തിക്ക് ഡി കമ്പനിയുമായി ബന്ധമുള്ളതായും സംശയം. ആക്രമണത്തില്‍ ദാവൂദ് ഇബാഹിമിന്റ പങ്കും അന്വേഷിക്കും.

മുംബൈ ഭീകരാക്രമണത്തിലെ ആസൂത്രണത്തില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടോ എന്ന അതിനിര്‍ണായക കാര്യങ്ങളില്‍ വഴിത്തിരിവുണ്ടാക്കാനാണ് എന്‍.ഐ.എയുടെ ഊര്‍ജ്ജിതശ്രമം. ഗൂഢാലോചനാക്കേസില്‍ പാക്കിസ്ഥാന്‍ സ്വദേശിയായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയെ ചോദ്യം ചെയ്യല്‍ നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് റാണ സഹകരിക്കുന്നില്ല എന്ന് എന്‍ ഐ എ വൃത്തങ്ങള്‍ പറയുന്നു. റാണയുടെ കൊച്ചി സന്ദര്‍ശനത്തില്‍ ഡി കമ്പനിയുടെ പങ്കും പരിശോധിക്കും. ഇന്ത്യയില്‍ റാണ ബന്ധപ്പെട്ടതായി കണ്ടെത്തിയ ആളുകള്‍ നിരീക്ഷണത്തിലാണ്. 18 ദിവസത്തേക്കാണ് റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന, കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളാണ് തഹാവൂര്‍ റാണക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് തീവ്ര സുരക്ഷാ സെല്ലില്‍ ആണ് തഹാവൂര്‍ റാണയെ പാര്‍പ്പിച്ചിരിക്കുന്നത്. മേഖലയില്‍ കേന്ദ്രസേനയെ അടക്കം വിന്യസിച്ചിരിക്കുകയാണ്. തഹാവൂര്‍ റാണയെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് വെള്ളിയാഴ്ച പുലര്‍ച്ചെ ഇറക്കിയ ഉത്തരവില്‍, ഇന്ത്യന്‍ അതിര്‍ത്തിയും കടന്നുള്ള ആസൂത്രണമാണ് നടന്നിരിക്കുന്നതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി ചൂണ്ടിക്കാട്ടി. രേഖകളില്‍ അക്കാര്യം വ്യക്തമാണ്. ഗൂഢാലോചനയുടെ ചുരുളഴിക്കാനാണ് കസ്റ്റഡി നല്‍കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.