ചോദ്യശരങ്ങളുമായി എന്‍.ഐ.എ ; 7 മണിക്കൂർ പിന്നിട്ട് ചോദ്യംചെയ്യല്‍ : പുറത്ത് പ്രതിഷേധച്ചൂട്

 

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് തുടരുന്നു. എന്‍ഐഎ ഓഫീസിന് മുന്നില്‍ കനത്ത പൊലീസ് സന്നാഹത്തിന്‍റെ നടുവിലാണ് ചോദ്യം ചെയ്യൽ. തിരുവനന്തപുരത്ത് നിന്ന് അര്‍ധരാത്രിയോടെ കൊച്ചിയിലേക്ക് യാത്ര തിരിച്ച മന്ത്രി രാവിലെ ആറ് മണിയോടെയാണ് എന്‍ഐഎ ഓഫീസില്‍ എത്തിയത്. സിപിഎം നേതാവും മുന്‍ ആലുവ എംഎല്‍എയുമായ എ. എം യൂസഫിന്‍റെ കാറിലാണ് ജലീല്‍ എത്തിയത്.

മന്ത്രി ആവശ്യപ്പെട്ട പ്രകാരം പുലര്‍ച്ചെ നാലരയോടെ കളമശ്ശേരി റസ്റ്റ് ഹൗസില്‍ വാഹനം എത്തിക്കുകയും അവിടെ നിന്നും എൻ.ഐ.എ ഓഫീസിൽ എത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്.വീഡിയോ കോൺഫറന്‍സിംഗ് വഴിയോ രാത്രിയിലാേ ചോദ്യം ചെയ്യണമെന്ന് കെ.ടി ജലീൽ ആവശ്യപ്പെട്ടങ്കിലും എൻ.ഐ.എ ആവശ്യം നിരാകരിക്കുകയായിരുന്നു.

സ്വര്‍ണ്ണക്കടത്ത് അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്‍റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. മന്ത്രി ജലീലിനോട് കോണ്‍സുല്‍ ജനറലാണ് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്ളവര്‍ക്ക് കള്ളക്കടത്ത് ഇടപാടില്‍ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എന്‍ഐഎ ചോദ്യം ചെയ്യുന്നത്.  മന്ത്രിയെ ചോദ്യം ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ എന്‍ഐഎ ഓഫീസിന് മുന്നില്‍ വന്‍ പൊലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പൊലീസ് വിന്യാസം.

Comments (0)
Add Comment