ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ഭീകരവാദികൾ നുഴഞ്ഞു കയറിയതായി കണ്ടെത്തി. സുരങ്കോട്ട് മേഖലയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ട് എന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്.
മാരകായുധങ്ങളുമായെത്തിയ ഭീകരർ ഒളിഞ്ഞിരുന്ന് സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഞ്ച് പേർ മരിക്കുകയായിരുന്നു. ഭീകരരെ പിടികൂടാനായി പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വക്താവ് വ്യക്തമാക്കി. നേരത്തെ അനന്ദ് നാഗിലും ബന്ദിപോരയിലും നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു.