നയതന്ത്രബാ​ഗിലൂടെ കേരളത്തിലേക്കെത്തിയത് 230 കിലോ​ഗ്രാം സ്വര്‍ണം; പിടിയിലായത് 30 കിലോ മാത്രം; ബാക്കി സ്വർണ്ണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും

Jaihind News Bureau
Sunday, July 19, 2020

നയതന്ത്രബാ​ഗിലൂടെ കേരളത്തിലേക്കെത്തിയത് 230 കിലോ​ഗ്രാം സ്വര്‍ണമെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിൽ പിടികൂടിയത് 30കിലോഗ്രാം മാത്രമാണെന്നും അന്വേഷണ സംഘത്തിന് വ്യക്തമായി. ബാക്കി സ്വർണ്ണം എവിടേക്കാണ് പോയത് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

അതിനിടെ, സ്വർണക്കടത്ത് കേസിൽ മൂന്ന് പേർ കൂടി പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കസ്റ്റംസാണ് കൂടുതൽ പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

നയതന്ത്ര ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ ആണെന്ന് വ്യക്തമാക്കുന്ന രേഖ പുറത്തുവന്നു. നയതന്ത്ര ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ ആണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വന്ന രേഖ. ദുബായിലെ സ്കൈ കാർഗോ കമ്പനിക്കാണ് കത്ത് നൽകിയത്. തന്‍റെ അസാന്നിധ്യത്തിൽ ഫൈസൽ ഫരീദ് കാർഗോ അയക്കുമെന്ന് ഇദ്ദേഹം വിമാനക്കമ്പനിക്ക് അയച്ച കത്തിൽ പറയുന്നു. കത്ത് ഫൈസൽ തന്നെ വ്യാജമായി നിർമ്മിച്ചതാണോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ മൂന്നാം പ്രതിയായ ഫൈസൽ ഫരിദിനെതിരെ ഇന്‍റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ ഏത് വിമാനത്താവളം വഴി രക്ഷപ്പെടാൻ ശ്രമിച്ചാലും പിടികൂടാനാകും. പിടിയിലാവുമെന്ന് വന്നപ്പോൾ കള്ളക്കടത്ത് സ്വര്‍ണം തിരിച്ചയക്കാന്‍ ശ്രമിച്ചതിന് തെളിവായി സ്വപ്ന സുരേഷ് അയച്ച മെയിലിലെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ബാഗ് തിരിച്ചയക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് അസി. കമ്മിഷണര്‍ക്കാണ് സ്വപ്ന കത്ത് നല്‍കിയത്.

ഇതിനിടെ, കേസില്‍ പിടിയിലായവരുടെ എണ്ണം പന്ത്രണ്ടായി. കസ്റ്റംസാണ് 12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ എൻഐഎയുടെ പ്രതിപ്പട്ടികയിൽ ഇതുവരെ 4 പേർ മാത്രമാണുള്ളത്. സ്വർണ്ണക്കടത്തിന് പണം നിക്ഷേപിക്കുന്ന മൂന്നു പ്രതികളെ കൂടി ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തിതിട്ടുണ്ട്. ജിഫ്സൽ, അബ്ദു, മുഹമ്മദ് അബ്ദു ഷമീം എന്നിവരാണ് അറസ്റ്റിലായത്. ലാഭത്തിന്‍റെ 10% കമ്മീഷനാണ് ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നത്. മൂന്നേകാൽ ലക്ഷം രൂപ വീതം കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നു.

5 പ്രാവശ്യം സ്വർണ്ണം കടത്തിക്കഴിയുമ്പോൾ ഒരുമിച്ച് പണം നൽകാമെന്ന് നേരത്തെ പിടിയിലായ റമീസ് ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇതിന് മുൻപ് മൂന്ന് പ്രാവശ്യം സ്വർണ്ണം കടത്തുന്നതിന് ഇവർ ഇടനില നിന്ന് – പണം സംഘടിപ്പിച്ച് നൽകിയെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പിടിയിലായ ജലാലിനൊപ്പം ചേര്‍ന്ന് കള്ളക്കടത്തിന് പണം മുടക്കിയവരാണ് ഇന്നലെ അറസ്റ്റിലായിട്ടുള്ളത്.