കര്‍ണാടകയില്‍ മന്ത്രിസഭ വികസിപ്പിച്ചു; ആര്‍. ശങ്കറും എച്ച്. നാഗേഷും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

Jaihind Webdesk
Friday, June 14, 2019

ബെംഗളൂരു: കര്‍ണാടകത്തില്‍ കുമാരസ്വാമി മന്ത്രിസഭ വികസിപ്പിച്ചു. ആര്‍ ശങ്കറും സ്വതന്ത്രന്‍ എച്ച് നാഗേഷും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയനുസരിച്ചാണ് നടപടി. ഇതോടെ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 80 ആയി. ഇരുവരുടെയും പിന്തുണ ഉറപ്പാക്കിയതിലൂടെ ബി.ജെ.പിയുടെ കുതിരക്കച്ചവട നീക്കത്തിന് തടയിടാനായിട്ടുണ്ട്. 224 അംഗ സഭയില്‍ 119 പേരുടെ പിന്തുണ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിനാകും

കര്‍ണാടക മന്ത്രിസഭയില്‍ ഒഴിവ് വന്ന മൂന്ന് മന്ത്രി സ്ഥാനങ്ങളില്‍ രണ്ടെണ്ണം ജെഡിഎസിനും ഒന്ന് കോണ്‍ഗ്രസിനും അവകാശപ്പെട്ടതായിരുന്നു. ഹാവേരി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ ആര്‍ ശങ്കര്‍ മല്‍ബഗല്‍ മണ്ഡലത്തിലെ എംഎല്‍എ എച്ച് നാഗേഷ് എന്നിവര്‍ക്കാണ് മന്ത്രി സ്ഥാനം നല്‍കിയിരിക്കുന്നത്.

ആദ്യം സഖ്യസര്‍ക്കാറിന് പിന്തുണ നല്‍കുകയും ജനുവരിയില്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്ത സ്വതന്ത്ര എംഎല്‍എമാരാണ് വീണ്ടും സഖ്യ സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നത്. നേരത്തെ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൌഡ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി സ്വതന്ത്രരെ മന്ത്രിമാരാക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.