KPCC | കോണ്‍ഗ്രസിന് പുതിയ നേതൃത്വം; ഉണര്‍വോടെ തെരഞ്ഞെടുപ്പിനായി പടയൊരുക്കം

Jaihind News Bureau
Thursday, May 8, 2025

പേരാവൂര്‍ എം എല്‍ എയും മികച്ച സാമാജികനുമായ  സണ്ണി ജോസഫിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് തെരഞ്ഞൈടുപ്പിനായി തയ്യാറെടുക്കുക. ദേശീയ നേതൃത്തത്തിന്റെ ഈ അപ്രതീക്ഷിത നീക്കം സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കും സണ്ണി ജോസഫിന്റെ നിയമനത്തെ സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

എ കെ ആന്റണി

എഐസിസി തീരുമാനത്തെ അനുകൂലിക്കുന്നതായി മുതിര്‍ന്ന നേതാവ് എ കെ ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് അനുഭാവികളും പാര്‍ട്ടിപ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ഈ തീരുമാനത്തെ സ്വാഗതം ചെയ്യും. ഒപ്പം സ്ഥാനം ഒഴിയുന്ന അദ്ധ്യക്ഷന്‍ കെ സുധാകരനെ വര്‍ക്കിംഗ് കമ്മിറ്റിയിലേയ്ക്കു സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ ഭാരവാഹികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു. എല്ലാ കാര്യങ്ങും പരസ്പരം ചര്‍ച്ച ചെയ്ത് പാര്‍ട്ടിക്കും യുഡിഎഫിനും കേരളത്തിനും നന്മ വരുന്ന രീതിയിലുള്ള തീരുമാനങ്ങളാണ് ഉണ്ടാവേണ്ടത് . അങ്ങനെയെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി നയിക്കുന്ന മന്ത്രിസഭ കേരളത്തില്‍ അധികാരമേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു

കെ സി വേണുഗോപാല്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാര്‍ക്‌സിറ്റുകള്‍ വേട്ടയാടിയപ്പോള്‍ അവരുടെ താവളങ്ങളില്‍ കടന്നു ചെന്ന് അവരെ നേരിട്ട നേതാവാണ് കെ സുധാകരനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സേവനം ഇനിയും പാര്‍ട്ടിക്കു വേണം. അതുകൊണ്ടാണ് അദ്ദേഹത്തെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവാക്കിയതെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

കെ സുധാകരന്‍ കണ്ണൂര്‍ ഡിസിസി അദ്ധ്യക്ഷനായതിനു ശേഷം തുടര്‍ന്ന് അദ്ധ്യക്ഷനായ ആളാണ് സണ്ണി ജോസഫ് . കണ്ണൂരിലെ ചിട്ടയായ പാർട്ടി പ്രവര്‍ത്തനത്തിന് പേരുകേട്ട ആളാണ് അദ്ദേഹം. കണ്ണൂര്‍ ഡിസിസിയില്‍ ആറു വര്‍ഷം അദ്ദേഹം നയിച്ചു. സംഘടനാ പരമായി ആര്‍ജ്ജവുള്ള ആളിനെ തന്നെയാണ് കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയോഗിച്ചതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പുതിയ ടീമിന്റെ ആര്‍ജ്ജവം കോണ്‍ഗ്രസിനും യുഡിഎഫിനും ശ്ക്തിനല്‍കും. പുതിയ നേതൃത്വം യുഡിഎഫിനെ അധികാരത്തിലേയ്ക്കു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വി ഡി സതീശന്‍

കെപിസിസി പുനഃസംഘടന കൂട്ടായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനത്തിലെത്തിയത്. കെ. സുധാകരന്‍ പാര്‍ട്ടിയുടെ മുന്‍ നിരയില്‍ തന്നെ വളരെ സജീവമായി പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സുധാകരനും ഞാനും നല്ല കൂട്ടുകാരാണെന്നും അദ്ദേഹം പറഞ്ഞു . സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ ടീം മികച്ച നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പുതിയ അധ്യക്ഷനായി മുതിര്‍ന്ന നേതാവ് സണ്ണി ജോസഫിനെ നിയമിക്കപ്പെട്ടു. നിലവിലെ അധ്യക്ഷന്‍ കെ. സുധാകരനില്‍ നിന്ന് അദ്ദേഹം ചുമതല ഏറ്റെടുക്കും. കെ. സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചു. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍ , ഷാഫി പറമ്പില്‍ എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു. കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയില്‍ സ്ഥിരം ക്ഷണിതാവാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഇതു സംബന്ധിച്ച വാര്‍ത്താകുറിപ്പ് പുറത്തിറക്കി