‘ഇത്ര ഭീരുവും ദുർബലനുമായ ഒരു പ്രധാനമന്ത്രിയെ ജീവിതത്തില്‍ കണ്ടിട്ടില്ല’ : മോദിയെ കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Thursday, May 9, 2019

Priyanka Gandhi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരായ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. മോദിയെപ്പോലെ ഇത്ര ഭീരുവും ദുർബലനുമായ മറ്റൊരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി. നടപ്പിലാക്കാത്ത തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സംബന്ധിച്ച ജനങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

‘യഥാര്‍ത്ഥ രാഷ്ട്രീയത്തിന്‍റെ ശക്തി ടി.വി ഷോകളോ വന്‍ പ്രചാരണങ്ങളോ അല്ല. ജനങ്ങളാണ് ജനാധിപത്യത്തില്‍ ഏറ്റവും വലുത്. യഥാര്‍ഥ രാഷ്ട്രീയനേതാവിന് അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും കഴിവുണ്ടായിരിക്കണം. പ്രതിപക്ഷത്തെ കേള്‍ക്കാന്‍ മനസുണ്ടാകണം. നിങ്ങളെ കേള്‍ക്കാന്‍ തയാറാകാത്ത ഒരു പ്രധാനമന്ത്രിക്ക് എങ്ങനെ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും? – പ്രിയങ്ക ചോദിച്ചു.

വന്‍കിട ബിസിനസുകാരുടെ ബാങ്ക് ലോണുകള്‍ മോദി നിസാരമായി എഴുതിത്തള്ളി. എന്നാല്‍ രാജ്യത്തിന്‍റെ നട്ടെല്ലായ കര്‍ഷകരുടെ കാര്‍ഷികകടം എഴുതിത്തള്ളാന്‍ പണമില്ലെന്നാണ് നരേന്ദ്ര മോദി പറയുന്നത്. ഇത് നിങ്ങളോട് ചെയ്യുന്ന വഞ്ചനയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം പോലും അവര്‍ക്ക് നല്‍കിയിട്ടില്ല. രാജ്യത്തെ കര്‍ഷകര്‍ ഒന്നാകെ പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു.  എന്നാല്‍ വെറും അഞ്ച് മിനിറ്റ് സമയം പോലും കര്‍ഷകര്‍ക്കായി മാറ്റിവെക്കാന്‍ മോദി തയാറായില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ യാഥാര്‍ത്ഥ്യത്തിന്‍റെ തരിമ്പ് പോലും ഇല്ലെന്നും പ്രിയങ്ക പറഞ്ഞു. അദ്ദേഹം പറയുന്നതൊക്കെ വാസ്തവമാണെങ്കില്‍ അദ്ദേഹം എന്തുകൊണ്ടാണ് നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതെന്ന് ആലോചിക്കണം. എല്ലാ പ്രസംഗങ്ങളിലും അദ്ദേഹം ‘പാകിസ്ഥാന്‍’ എടുത്ത് പ്രയോഗിക്കാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ക്കുവേണ്ടി എന്തുചെയ്തെന്ന് പറയാന്‍ അദ്ദേഹത്തിന് സാധിക്കാത്തതെന്ന് പ്രിയങ്ക ചോദിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഒരിക്കല്‍പോലും മോദിയുടെ സ്വന്തം മണ്ഡലമായ വാരണസിയിലെ  ജനങ്ങളെ കാണാനോ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനോ കേവലം അഞ്ച് മിനിറ്റ് പോലും നീക്കിവെക്കാന്‍ മോദി തയാറായിട്ടില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പ്രതാപ്ഗഢിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി. മേയ് 12നാണ് ഇവിടെ വോട്ടെടുപ്പ്.