നെഹ്റു അറിയപ്പെടുന്നത് പേരിലൂടെയല്ല, ചെയ്ത പ്രവര്‍ത്തികളിലൂടെ; മ്യൂസിയം പേരു മാറ്റത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Thursday, August 17, 2023

ന്യൂഡല്‍ഹി: നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേര് മാറ്റിയതില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി. ‘നെഹ്‌റു ജി അറിയപ്പെടുന്നത് അദ്ദേഹത്തിന്‍റെ പേരിലൂടെയല്ല, ചെയ്ത പ്രവര്‍ത്തികളിലൂടെയാണെന്നാണ്’- രാഹുല്‍ പറഞ്ഞത്. ഇന്നലെയാണ് നിലവിലെ പേര് മാറ്റി പ്രൈം മിനിസ്റ്റേഴ്സ് മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി എന്ന പേര് പ്രാബല്യത്തിൽ വന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച ലൈബ്രറിയുടെ പേര് പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്നാക്കിക്കൊണ്ട് ഔദ്യോഗിക പ്രഖ്യാപനം വന്നത്.

പേര് മാറ്റിയ നടപടിയെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറിമാരായ  കെ സി വേണുഗോപാൽ, ജയറാം രമേശ് തുടങ്ങിയവർ രംഗത്ത് വന്നിരുന്നു.