അഞ്ഞൂറിലേറെ സിനിമകള്‍, സൂക്ഷ്മമായ ശൈലി; അഭിനയത്തിന്‍റെ നെടുമുടി അരങ്ങൊഴിയുമ്പോള്‍

 

അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളായി സ്ഥാനം നേടിയ വ്യക്തിത്വമായിരുന്നു നെടുമുടി വേണു. അഞ്ച് പതിറ്റാണ്ടുകാലം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന അദ്ദേഹം അഞ്ഞൂറിലേറെ സിനിമകളില്‍ വേഷമിട്ടു. മൂന്നു തവണ ദേശീയ പുരസ്കാരവും  ആറു തവണ സംസ്ഥാനപുരസ്കാരവും  അദ്ദേഹത്തെ തേടിയെത്തി.  നിരവധി ചിത്രങ്ങളുടെ രചയിതാവാണ്. ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് നെടുമുടി വേണുവിന്‍റെ ജനനം. നെടുമുടി എൻ‌എസ്‌എസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം.  കോളേജ് കാലത്തുതന്നെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചിരുന്നു.

1978 ൽ അരവിന്ദന്‍റെ ‘തമ്പി’ലൂടെയാണ് നെടുമുടി വേണുവിന്‍റെ ചലച്ചിത്രജീവിതത്തിന് തുടക്കമായത്. പത്മരാജൻ, ഭരതൻ, ജോൺ ഏബ്രഹാം തുടങ്ങിയവരുമായുള്ള  സൗഹൃദം വേണുവിന്‍റെ അഭിനയജീവിതത്തിന് ഏറെ മുതല്‍ക്കൂട്ടായി.  തിരുവനന്തപുരം ദൂരദർശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. വേണു സംവിധാനം ചെയ്ത കൈരളീവിലാസം ലോഡ്ജ് എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോളേജ് പഠന കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്‍റെ നാടകസംഘത്തിൽ അംഗമായി. ആ സമയത്താണ് ഭരത് ഗോപി അടക്കമുള്ളവരെ പരിചയപ്പെടുന്നത്. അവനവൻ കടമ്പ അടക്കമുള്ള കാവാലത്തിന്‍റെ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചു.  കലാകൗമുദിയിൽ പത്രപ്രവർത്തകനായും ജോലിനോക്കി.

പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാൻകാലത്ത്, ചാമരം, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പലിത്രൻ, വിടപറയുംമുമ്പേ, യവനിക, അച്ചുവേട്ടന്‍റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, സൈറ, മാർഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ത്യൻ, അന്യൻ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീർത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രമാണ് വേണു സംവിധാനം ചെയ്തത്.

Comments (0)
Add Comment