ഇന്ത്യ മൂന്ന് പാകിസ്ഥാന്‍ വ്യോമതാവളങ്ങളില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്ന് 10 കിലോമീറ്ററില്‍ മാത്രം അകലെ രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേര്‍ന്നുള്ള ഒരു പ്രധാന സ്ഥലമായ റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍, മുരിദ്, റഫീഖി എന്നീ മൂന്ന് വ്യോമസേനാ കേന്ദ്രങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നുവെന്നാണ് പാകിസ്ഥാന്‍ സൈന്യം പുറത്തുവിടുന്ന വിവരം.
ഇസ്ലാമാബാദില്‍ നിന്ന് വെറും 10 കിലോമീറ്റര്‍ അകലെയും പാകിസ്ഥാന്റെ സൈനിക ആസ്ഥാനത്തോട് ചേര്‍ന്നും സ്ഥിതി ചെയ്യുന്ന നൂര്‍ ഖാന്‍, രാജ്യത്തെ ഏറ്റവും നിര്‍ണായകവും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ളതുമായ വ്യോമതാവളങ്ങളില്‍ ഒന്നാണ്. മുമ്പ് ചക്ലാല എന്നറിയപ്പെട്ടിരുന്ന ഇവിടെ അഞ്ച് മുതല്‍ ആറ് വരെ പിഎഎഫ് സ്‌ക്വാഡ്രണുകള്‍, വിഐപി ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍, പിഎഎഫ് കോളേജ് ചക്ലാല എന്നിവയുണ്ട്. പാകിസ്ഥാന്റെ ഏറ്റവും സംരക്ഷിത സൈനിക ആസ്തികളെപ്പോലും വെല്ലുവിളിക്കാനുള്ള ഇന്ത്യയുടെ ഉദ്ദേശ്യത്തെയാണ് ഇവിടെയുള്ള ആക്രമണം സൂചിപ്പിക്കുന്നത്.
ഇന്ത്യയ്ക്കെതിരായ സമീപകാല യുഎവി ആക്രമണങ്ങള്‍ ഉള്‍പ്പെടെ പാകിസ്ഥാന്റെ ഡ്രോണ്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി പ്രവര്‍ത്തിച്ച താവളമാണ് ചക്വാളിലെ മുരിദ് വ്യോമതാവളം. ഷാപര്‍-1, ബെയ്രക്തര്‍ ടിബി2 പോലുള്ള നൂതന ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്‌ക്വാഡ്രണുകള്‍ക്ക് ഇവിടെ ആതിഥേയത്വം വഹിക്കുന്നു. മുരിദിലെ ഇന്ത്യയുടെ ആക്രമണം നേരിട്ട് ലക്ഷ്യമിടുന്നത് ഡ്രോണ്‍ ആക്രമണത്തിന്റെ നാഡീ കേന്ദ്രത്തെയാണ്.
പഞ്ചാബ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന റഫീഖി വ്യോമതാവളം ജെഎഫ്-17, മിറേജ് യുദ്ധവിമാനങ്ങളുടെ ആസ്ഥാനമാണ്. അതിര്‍ത്തികളിലൂടെ ദ്രുതഗതിയിലുള്ള വിന്യാസത്തെ പിന്തുണയ്ക്കുന്ന ഈ താവളം ചൈന നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരായ സമീപകാല വ്യോമാക്രമണങ്ങളില്‍ ഒരു പങ്കു വഹിച്ചു.
അതേ സമയം പൂഞ്ച്, ഉറി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയതിനെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ജമ്മുവില്‍ സൈറണുകള്‍ മുഴങ്ങി. വടക്ക് ലേ മുതല്‍ തെക്ക് സര്‍ ക്രീക്ക് വരെയുള്ള 26 സ്ഥലങ്ങളിലെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ രാത്രി ഡ്രോണ്‍ ആക്രമണവും നടത്തിയിരുന്നു. പ്രധാന വ്യോമതാവളങ്ങള്‍, മുന്‍നിര സൈനിക താവളങ്ങള്‍ എന്നിവയടക്കം അവര്‍ ലക്ഷ്യമിട്ടു. എന്നാല്‍, പാകിസ്ഥാന്റെ ഓരോ നീക്കവും ഇന്ത്യ വിജയകരമായി ചെറുത്തു. ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി തുറന്നിട്ടുകൊണ്ട് അന്താരാഷ്ട്ര വ്യോമഗതാഗതത്തെ അപകടത്തിലാക്കുന്നുവെന്ന് ഇന്ത്യ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.