സ്ഥാനാര്‍ഥി പട്ടിക രൂപീകരിക്കാനാവാതെ NDA കേരള ഘടകം; ബി.ജെപി കോര്‍ കമ്മിറ്റി നാളെ

സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ സ്ഥാനാർഥി
പട്ടിക രൂപീകരിക്കാനാവാതെ എൻ.ഡി.എ. സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകാൻ ബി.ജെ.പി കോർ കമ്മിറ്റി നാളെ ചേരും. സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു ചലനവും സൃഷ്ടിക്കാതെയാണ് ബി.ജെ.പി ജനറൽ സെക്രട്ടറിമാർ നയിക്കുന്ന പരിവർത്തന യാത്രകൾക്ക് ഇന്ന് സമാപനമാകുന്നത്

മിസോറം ഗവർണർ സ്ഥാനം രാജിവെപ്പിച്ച് കുമ്മനത്തെ കേരളത്തിൽ ഇറക്കിയതിന് പിന്നാലെ മറ്റ് സ്ഥാനാർഥികളെ നിർണയിക്കുന്നതിലും ആർ.എസ്.എസ് ശക്തമായ സ്വാധീനം ചെലുത്തുന്നു. യുഡിഎഫ് സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കാനിരിക്കെ കടുത്ത അങ്കലാപ്പിലാണ് ബി.ജെ.പി നേതൃത്വം. കരുത്തരായ സ്ഥാനാർഥികളെ നേരിടാൻ തക്കവണ്ണം എടുത്തുപറയാൻ സ്ഥാനാർഥികളില്ലാത്തതാണ് എൻ.ഡി.എയെ കുഴക്കുന്നത്. ഈ സാഹചര്യത്തിൽ മുതിർന്ന നേതാക്കളെ കളത്തിലിറക്കാനാണ് ആലോചന. പാർട്ടിക്ക് പുറത്തെ പ്രമുഖരെക്കാൾ നേതാക്കൾക്ക് തന്നെയാണ് മുൻതൂക്കം നൽകുന്നതെന്നാണ് സൂചന.

തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാർഥിയായി ഉറപ്പിച്ചു. പക്ഷെ കുമ്മനത്തിന്‍റെ സ്ഥാനാർഥിത്വത്തിൽ എൻ.എസ്.എസ് അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ തൃശൂർ ബി.ഡി.ജെ.എസിന് നൽകേണ്ട സാഹചര്യവുമുണ്ട്. കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടിനൊപ്പം ആർ.എസ്.എസ് നിർദേശം കൂടി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പ്രധാനമാണെന്നിരിക്കെ വിഷമവൃത്തത്തിലാണ് ബി.ജെ.പി. പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയ്ക്ക് ഇറങ്ങാനും ആർ.എസ്.എസ് കനിയേണ്ട സാഹചര്യമാണ്. കെ സുരേന്ദ്രന്‍റെ കാര്യത്തിലും ആർ.എസ്.എസ് നിലപാടാവും നിർണായകമാവുക.

NDA Kerala
Comments (0)
Add Comment