എഡിഎം നവീന്‍ ബാബുവിന്റേത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് സംസ്ഥാന പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ മാത്രമാണു നിലവില്‍ കേസിലെ പ്രതി. പി.പി.ദിവ്യയുടെ പരാമര്‍ശങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട പെട്രോള്‍ പമ്പിന്റെ ലൈസന്‍സ് വിഷയത്തില്‍ കള്ള പ്രചാരണം നടത്തിയ സംഭവമാണ് എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിനു കാരണമായെന്നിരിക്കെ കേസില്‍ മുഖ്യ പ്രതിയാവേണ്ട പ്രശാന്തിനെ പ്രതി ചേര്‍ക്കാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പള്ളിക്കുന്നിലെ താമസസ്ഥലത്ത് ഒക്ടോബര്‍ 15ന് ആണ് നവീനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 82 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
നവീന്‍ ബാബുവിനെ അപമാനിക്കാനായി ദിവ്യയുടെ ഭാഗത്തു നിന്ന് കരുതിക്കൂട്ടിയുള്ള ശ്രമം ഉണ്ടായതായി കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. യാത്രയയപ്പ് ചടങ്ങിനെ കുറിച്ച് അറിയാന്‍ പി പി ദിവ്യ പലതവണ കളക്ടറുടെ പി എ യെ ഫോണില്‍ വിളിച്ചതായും ക്ഷണിക്കാത്ത ചടങ്ങിന് ദിവ്യ എത്തിയത് കൃത്യമായ ലക്ഷ്യത്തോടെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ട്.
പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം. എന്നാല്‍ കൈക്കൂലി വാങ്ങിയിട്ടില്ല എന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഫയല്‍ നീക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ അസ്വഭാവികതയുമില്ല, അനധികൃത ഇടപെടലുമുണ്ടായിട്ടില്ല, കൈക്കൂലി വാങ്ങിയതിന് തെളിവുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്
എഡിഎമ്മിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രിത നീക്കം നടത്തി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത്.. കലക്ടറുടെ ഓഫീസില്‍ നാല് തവണ വിളിച്ച് യാത്രയയപ്പ് ചടങ്ങിന്റെ സമയം ഉറപ്പിച്ചിരുന്നു എന്നും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടി ചിത്രീകരിക്കാന്‍ കണ്ണൂര്‍ വിഷന്‍ ചാനലിനോട് നിര്‍ദ്ദേശിച്ചതും പി പി ദിവ്യ തന്നെ. തുടര്‍ന്ന് ഈ ദൃശ്യങ്ങളും ദിവ്യ ശേഖരിച്ചതായും കണ്ണൂര്‍ വിഷന്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്