നവകേരള സദസില്‍ ആദിവാസി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Jaihind Webdesk
Saturday, November 25, 2023


മലപ്പുറം നിലമ്പൂരില്‍ നവകേരള സദസിന് മുന്നോടിയായി നടന്ന വിളംബര ജാഥയില്‍ ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വിളംബര ജാഥയില്‍ പങ്കെടുക്കുന്നത് ഒരു മണിക്കൂര്‍ സാമൂഹ്യസേവനം നടത്തിയതായി രേഖയുണ്ടാക്കാമെന്ന് എന്‍എസ്എസ് വളണ്ടിയര്‍മര്‍ക്കും എസ്പിസി, ജെആര്‍സി വിദ്യാര്‍ഥികള്‍ക്കും തിരൂര്‍ പുറത്തൂര്‍ സ്‌കൂളിലെ അധ്യാപകര്‍ നിര്‍ദേശം നല്‍കിയതും വിവാദമായി. നിലമ്പൂരില്‍ നടന്ന വിളംബര ജാഥയിലാണ് ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമായി പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഭാഗമായത്. പ്രതിപക്ഷ വിദ്യാര്‍ഥി, യുവജന സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയതിനു പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ കേസെടുത്തത്. പുറത്തൂരില്‍ നടന്ന വിളംബര ജാഥയില്‍ എന്‍എസ്എസ്, എസ്പിസി, ജെആര്‍സി വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നായിരുന്നു അധ്യാപകരുടെ നിര്‍ദേശം. വിളംബര ജാഥയില്‍ പങ്കെടുക്കുന്നത് സാമൂഹ്യസേവനമായി കണക്കാക്കുമെന്നായിരുന്നു അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ വാഗ്ദാനം. ജില്ലയിലെ മറ്റു നിയമസഭ മണ്ഡലങ്ങളിലെ വിളംബര ജാഥകളിലും വിദ്യാര്‍ഥികള്‍ ഭാഗമായട്ടുണ്ട്.