നവകേരള സദസിന് സ്‌കൂള്‍ ബസുകളും വിട്ടുനല്‍കണം; ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്‌

Jaihind Webdesk
Saturday, November 18, 2023


മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്് പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ബസുകളും വിട്ടുനല്‍കണമെന്ന് നിര്‍ദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്്. സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകര്‍ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നവ കേരള സദസ് പരിപാടിയ്‌ക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടത്. ഇന്നാണ് നവകേരള സദസ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയോടെ കാസര്‍കോടെത്തും. മന്ത്രിമാര്‍ ഇന്നലെ മുതല്‍ തന്നെ ജില്ലയിലേക്ക് എത്തിത്തുടങ്ങി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് ഇന്ന് പുലര്‍ച്ചെ കാസര്‍കോട് എത്തിച്ചു.