നവകേരള സദസ്; ഏറ്റവുമധികം പരാതികള്‍ ലഭിച്ച മലപ്പുറം ജില്ലയില്‍ പരിഹാര നടപടികള്‍ ഇഴയുന്നു

Jaihind Webdesk
Sunday, December 31, 2023

മലപ്പുറം: നവകേരളാ സദസില്‍ ഏറ്റവുമധികം പരാതികള്‍ ലഭിച്ച മലപ്പുറം ജില്ലയില്‍ പരാതി പരിഹാര നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. മലപ്പുറത്ത് കിട്ടിയ 81354 പരാതികളില്‍ 2375 എണ്ണം മാത്രമാണ് ഒരു മാസം കൊണ്ട് പരിഹരിച്ചത്. 5134 പരാതികളില്‍ നടപടി പൂര്‍ത്തിയായതായാണ് അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ മാസം 27 മുതല്‍ മുപ്പത് വരെയായിരുന്നു നവകേരളാ സദസിന്‍റെ മലപ്പുറം ജില്ലയിലെ പര്യടനം. ഒരു മാസം പിന്നിട്ടിട്ടും പരാതി പരിഹര നടപടികള്‍ ഇഴയുകയാണ്.  പരാതി കിട്ടി 45 ദിവസത്തിനകം പരിഹാരം കാണാമെന്നായിരുന്നു അധികൃതർ നല്‍കിയിരുന്ന ഉറപ്പ്. ആകെ കിട്ടിയ 81354 പരാതികളില്‍ 2375 പരാതികളാണ് ഒരു മാസം കൊണ്ട് പരിഹരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ 5134 പരാതികള്‍ കൂടി കൂട്ടിയാല്‍ 7509 പരാതികള്‍ ഉടന്‍ തീര്‍പ്പാകും. ശേഷിക്കുന്ന 73584 പരാതികളാണ് പതിനഞ്ച് ദിവസം കൊണ്ട് പരിഹരിക്കേണ്ടത്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് മലപ്പുറത്ത് അധികവും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പതിമൂവായിരത്തോളം പരാതികളാണ് കിട്ടിയിരിക്കുന്നത്.