‘കുട്ടി ട്രൗസറിട്ട് ഫോണിലൂടെ വിളമ്പുന്നതല്ല ദേശീയത’ ; ആർ.എസ്.എസിനും കേന്ദ്ര സർക്കാരിനും രൂക്ഷ വിമർശനവുമായി സച്ചിന്‍ പൈലറ്റ്

ജനദ്രോഹ നയങ്ങള്‍ സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനും ആർ.എസ്.എസിനുമെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.  കുട്ടി ട്രൗസറിട്ട് നാഗ്പൂരില്‍ നിന്ന് ഫോണിലൂടെ വിളിച്ചു പറയുന്നതല്ല, മറിച്ച് കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചാല്‍ അതാണ് ദേശീയതയെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സച്ചിന്‍ പൈലറ്റ്.

‘കര്‍ഷകരുടെ ക്ഷേമത്തെക്കുറിച്ച് സംസാരിച്ചാല്‍ അതാണ് യഥാര്‍ത്ഥ ദേശീയത, അല്ലാതെ കുട്ടി ട്രൗസറിട്ട് നാഗ്പൂരില്‍ നിന്ന് ഫോണിലുടെ നടത്തുന്ന പ്രസംഗങ്ങളല്ല’ – ആര്‍.എസ്.എസിന്‍റെ പേര് പറയാതെ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി പ്രതിഷേധിക്കുമ്പോഴും സര്‍ക്കാര്‍ ലവ് ജിഹാദിനെക്കുറിച്ചും വിവാഹങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്ന്  സച്ചിന്‍ പൈലറ്റ് വിമർശിച്ചു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഈ സമയത്തും നിങ്ങള്‍ സംസാരിക്കുന്നത് ലവ് ജിഹാദിനെക്കുറിച്ചാണ്, നിങ്ങള്‍ വിവാഹങ്ങളെക്കുറിച്ച് നിയമങ്ങള്‍ ഉണ്ടാക്കുകയും കര്‍ഷകരുടെ ഭാവി ഇരുട്ടിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഈ രാജ്യത്ത് ഭൂരിഭാഗം കര്‍ഷക നേതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും മറ്റ് ചില പാര്‍ട്ടികളില്‍ നിന്നുമുള്ളവരാണെന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. ബി.ജെ.പിയില്‍ നിന്ന് ഒരു കര്‍ഷക നേതാവ് പോലുമില്ല. ഉണ്ടാകാന്‍ കഴിയില്ല.  ബി.ജെ.പി ഭരണത്തില്‍ രാജ്യത്തെ കർഷകർ ഭീതിയിലാണ്. തങ്ങളുടെ കുട്ടികളുടെ ഭാവിയെ ഓർത്തുപോലും അവർ ഭീതിയിലാണ്’ –  സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Comments (0)
Add Comment