‘സ്പീക്ക് അപ് ഇന്ത്യ’: ലോക്ഡൗണില്‍ കേന്ദ്രത്തിന്‍റെ വീഴ്ചകൾക്കെതിരെ കോൺഗ്രസിന്‍റെ രാജ്യവ്യാപക സമൂഹമാധ്യമ പ്രതിഷേധം ഇന്ന്

Jaihind News Bureau
Thursday, May 28, 2020

 

ലോക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾക്കെതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ ഇന്ന്  രാജ്യവ്യാപകമായി  സമൂഹമാധ്യമ പ്രതിഷേധം നടക്കും. ലോക്ഡൗണില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കാന്‍ ഇന്ന് രാവിലെ 11 മുതല്‍ രണ്ട് വരെ നടത്തുന്ന പ്രചാരണത്തിൽ 50 ലക്ഷം പേർ രാജ്യത്തൊട്ടാകെ പങ്കെടുക്കും.  ‘സ്പീക്ക് അപ് ഇന്ത്യ’ എന്ന് പേര് നല്‍കിയിരിക്കുന്ന ക്യാംപെയിനില്‍ എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ തുടങ്ങി 50 ലക്ഷത്തോളം പേരെ  കോൺഗ്രസ് അണി നിരത്തും.

ലോക്ഡൗണിനെ തുടർന്ന് രാജ്യത്തെ അതിഥി തൊഴിലാളികളും കർഷകരും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട സാധാരണക്കാരും കച്ചവടക്കാരും ചെറുകിട വ്യവസായ സംരംഭകർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലും പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്ച തുറന്നു കാട്ടാനും പരിഹാരം തേടിയുമാണ്  ക്യാംപയിൻ.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലെത്താനുള്ള ക്രമീകരണം പൂര്‍ത്തിയാക്കിയിട്ടില്ല . ഇന്ത്യയുടെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മനസിലാക്കാന്‍ ഇതുവരേയും കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ പുകമറയില്‍ നില്‍ക്കുകയാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍. ചെറുകിട വ്യവസായങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഇതുവരെ കഴിഞ്ഞില്ല.

പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഒരു തരത്തിലും ആശ്വാസമാകാന്‍ കേന്ദ്ര സർക്കാരിന് സാധിച്ചില്ല. രോഗവ്യാപനം കൂടിയ അന്തരീക്ഷത്തിലാണ് ലോക് ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ആറ് മാസത്തേക്ക് നേരിട്ട് 7500 രൂപ പ്രതിമാസം നല്‍കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം. അടിയന്തരമായി അവർക്ക് പതിനായിരം രൂപ നൽകണം. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും തൊഴിൽ ദിവസവും വര്‍ദ്ധിപ്പിക്കണം. രാജ്യത്തെ സാധാരണക്കാരുടെ ശബ്ദമാകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വർത്തമാനകാലത്ത് രാജ്യം നേരിടുന്ന തീക്ഷ്ണമായ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ഒളിച്ചോടുന്ന കേന്ദ്ര സർക്കാരിൻറെ കണ്ണുതുറപ്പിക്കാനാണ് ഈ പ്രചാരണം .