ദേശീയ ഗെയിംസില്‍ തിളങ്ങിയ സായ് കായികതാരങ്ങള്‍ക്ക് അനുമോദനം

Jaihind Webdesk
Saturday, November 11, 2023


ഗോവ ദേശീയഗെയിംസില്‍ പങ്കെടുത്ത പത്തൊമ്പത് കായിക താരങ്ങളേയും അവരുടെ പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെയും പുന്നമട സായ് കേന്ദ്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ആലപ്പുഴ എം.എല്‍.എ പി.പി ചിത്തരജ്ഞന്‍ അനുമോദിച്ചു.ഈ വിജയം ഏഷ്യന്‍ ഗെയിംസ്, ഒളിംപിക്‌സ് എന്നീ മത്സരങ്ങളില്‍ മെഡലുകള്‍ നേടാന്‍ പ്രചോദനമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഇരുപത് കായിക താരങ്ങള്‍ ആണ് ഇത്തവണ ദേശീയഗയിംസില്‍ കേരളം, മധ്യപ്രദേശ് ,ആന്‍ഡമാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ആലപ്പുഴ സായിയില്‍ നിന്ന് പങ്കെടുത്തത്.കനോയിംഗ്, കയാക്കിംഗ് ,റോവിങ്ങ് എന്നീ വിഭാഗത്തില്‍ മത്സരിച്ച് 6 സ്വര്‍ണ്ണം,1 വെള്ളി,3 വെങ്കലം ഉള്‍പ്പെടെ പത്ത് മെഡലുകള്‍ അവര്‍ക്ക് നേടാനായി.
അര്‍ജുന അവാര്‍ഡ് ജേതാവും ജില്ലാ സപോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ പി.ജെ.ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു.സായ്ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രേംജിത്ത് ലാല്‍ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടര്‍ രജത് ശര്‍മ്മ കൃതജ്ഞതയും പറഞ്ഞു. അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ ആയ ക്യാപ്ടന്‍ സജി തോമസ്, ജെറില്‍ കൃഷ്ണ, ചീഫ് കോച്ച് പി.റ്റി.പൗലോസ് എന്നിവര്‍ സന്നിഹതരായിരുന്നു.