അശോകസ്തംഭത്തിലെ സിംഹത്തിന് ക്രൂരഭാവം; ഗാന്ധിയില്‍ നിന്ന് ഗോഡ്സെയിലേക്കുള്ള മാറ്റമെന്ന് വിമർശനം

ന്യൂഡല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന് മുകളിലെ അശോകസ്തംഭത്തിലെ സിംഹങ്ങള്‍ക്ക് ക്രൂര ഭാവം നല്‍കിയിരിക്കുന്നതില്‍ പ്രതിഷേധം കനക്കുന്നു. ആക്രമണോത്സുകത തോന്നിപ്പിക്കുന്ന സിംഹ പ്രതിമകള്‍ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യമുയർത്തി. സിംഹ രൂപത്തിലെ ഭാവമാറ്റത്തിനെതിരെ നാനാ കോണുകളില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

സാരനാഥിലെ മഹാപ്രതിമയാണോ ഗിർ വനത്തിലെ സിംഹത്തിന്‍റെ വികല രൂപമാണോ സ്തംഭത്തിലുള്ളതെന്ന് മോദി പരിശോധിക്കണമെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഗാന്ധിയിൽനിന്ന് ഗോഡ്സെയിലേക്കുള്ള മാറ്റമാണ് അശോകസ്തംഭത്തിലേത്. ഇതാണ് മോദിയുടെ പുതിയ ഇന്ത്യയെന്നായിരുന്നു  മുതിർന്ന അഭിഭാഷകൻ‌ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചത്.

‘സത്യമേവ ജയതേയിൽ നിന്ന് സിംഹമേവ ജയതേയിലേക്കുള്ള മാറ്റമാണിത്’ – തൃണമൂൽ എംപി മഹുവ മൊയ്ത്ര പ്രതികരിച്ചു. നമ്മുടെ സിംഹങ്ങൾക്ക് എന്തിനാണ് ക്രൂരഭാവം? ദേശീയ ചിഹ്നത്തെ ഈ രീതിയിൽ ഉപയോഗിച്ചു കൊണ്ടുള്ള വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചരിത്രകാരൻ എസ്. ഇർഫാൻ ഹബീബും പ്രതികരിച്ചു. അതേസമയം അശോകസ്തംഭത്തിന്‍റെ പകര്‍പ്പ് തന്നെയാണിതെന്നും വലിപ്പവ്യത്യാസം കൊണ്ടുള്ളതാണ് ഭാവമാറ്റം എന്നായിരുന്നു ന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരിയുടെ ന്യായീകരണം. അശോകസ്തംഭം പ്രധാനമന്ത്രി അനാഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും ചടങ്ങിന് തങ്ങളെ ക്ഷണിക്കാഞ്ഞത് പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി.

Comments (0)
Add Comment