ജവഹർ ബാൽ മഞ്ച് ദേശീയ കോർഡിനേറ്റർമാരെ പ്രഖ്യാപിച്ചു; കമ്മിറ്റിയില്‍ രണ്ട് മലയാളികള്‍

Jaihind Webdesk
Saturday, January 22, 2022

ന്യൂഡൽഹി : ജവഹർ ബാൽ മഞ്ചിന്‍റെ പ്രഥമ ദേശീയ കമ്മിറ്റിയുടെ കോർഡിനേറ്റർമാരെ എഐസിസി തെരഞ്ഞെടുത്തു. നിലവിൽ പ്രഖ്യാപിച്ച 6 കോർഡിനേറ്റർമാരിൽ 2 പേർ മലയാളികളാണ്. നേരത്തെ കേരളത്തിൽ ജവഹർ ബാലജനവേദി  സംസ്‌ഥാന ഭാരവാഹികളായി പ്രവർത്തിച്ചിരുന്ന ഹസൻ അമൻ, മുഹമ്മദ്‌ ദിഷാൽ എന്നിവരാണ്  കമ്മിറ്റിയില്‍ ഇടപിടിച്ച മലയാളികള്‍.

ദേശീയ തലത്തിൽ കുട്ടികൾക്ക് വേണ്ടി കോൺഗ്രസ് രൂപീകരിച്ച  ഡിപ്പാർട്ട്മെന്‍റാണ് ജവഹർ ബാൽ മഞ്ച്. ജവഹർ ബാലജനവേദി ചെയർമാനായിരുന്ന ഡോ. ജി.വി ഹരിയാണ് സംഘടനയുടെ ദേശീയ ചെയർമാൻ.  2007 ൽ കേരളത്തിൽ കെപിസിസിക്ക് കീഴിൽ പ്രവർത്തിച്ചുവന്നിരുന്ന ജവഹർ ബാലജനവേദി കഴിഞ്ഞ സെപ്റ്റംബറിലാണ് ദേശീയ തലത്തിൽ എഐസിസിക്ക് കീഴിലുള്ള ഡിപ്പാർട്ട്മെന്‍റായി പ്രഖ്യാപിച്ചത്. 7 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെ സംഘടിപ്പിച്ച് മതേതര -ജനാധിപത്യ മൂല്യങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന വിഭാവനം ചെയ്തിരിക്കുന്നത്.