ഇന്ദിരാ ഗാന്ധിയുടെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍ രാജ്യത്തിന്‍റെ പ്രണാമം

എന്‍റെ ഓരോ തുള്ളി ചോരയും രാജ്യത്തിന്‍റെ വളർച്ചയ്ക്കും ശക്തിക്കും അഖണ്ഡതയ്ക്കും വേണ്ടി സമർപ്പിക്കുന്നു… ഒറീസയിലെ ഭുവനേശ്വറില്‍ നടന്ന കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ദിരാ ഗാന്ധി പറഞ്ഞ ഈ വാക്കുകള്‍ ചരിത്രത്തില്‍ മായാത്ത മുദ്രയാണ്. ഇന്ദിരാ ഗാന്ധിക്ക് വെടിയേല്‍ക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു ഭുവനേശ്വറിലെ റാലിയില്‍ പറഞ്ഞ വാക്കുകള്‍ കാലത്തിന്‍റെ യാദൃശ്ചികതയാണ്. ആരായിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധിയെന്ന് ലോകരാഷ്ട്രീയ ചരിത്രം തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.  ആഗോളസമൂഹത്തില്‍ പകരംവെക്കാനില്ലാത്ത കർമ്മരേഖയായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ജീവിതവും പൊതുജീവിതവും ഇന്ത്യയ്ക്കുവേണ്ടി ധീരമൃത്യു വരിച്ച ഇന്ദിരാ ഗാന്ധി ലോകം കണ്ട മികച്ചഭരണാധികാരി കൂടിയായിരുന്നു.

ഇന്ത്യന്‍ ജനത എക്കാലവും സ്നേഹാദരങ്ങളോടെ അവരുടെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന നേതാവാണ് ഇന്ദിരാ ഗാന്ധി. ഇന്ന് 36 ാം ചരമദിനം കടന്നുപോകുമ്പോഴും കാലംമാറിയാലും ഇന്ദിരാ ഗാന്ധി എന്നും ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ എന്നും ജീവിക്കും. ഇന്ത്യയെ ലോകത്തിന്‍റെ മുന്നില്‍ നിറസാന്നിധ്യമാക്കിയത്. ഇന്ദിരാ ഗാന്ധിയുടെ ഭരണപാടവവും കർമ്മകുശലതയുമായിരുന്നു അധികാരത്തിന്‍റെ എല്ലാ സാമ്പ്രദായിക രീതികളും തിരുത്തിക്കുറിച്ച നേതാവായിരുന്നു ഇന്ദിരാ ഗാന്ധി. ഇന്ത്യയുടെ വികസന പ്രക്രിയയില്‍ ഇന്ദിരാ ഗാന്ധിയുടെ സേവനങ്ങളെക്കുറിച്ച് രാഷ്ട്രീയ എതിരാളികള്‍ക്കുപോലും എതിരഭിപ്രായമുണ്ടാകില്ല. ഇന്ദിരയുടെ ഭരണകാലത്താണ് ഇന്ത്യ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശക്തിയായി മാറിയതും. രാഷ്ട്രീയവും സൈനികവും സാമ്പത്തികവുമായ വലിയ ശക്തിയായി മാറിയതും ഇന്ദിരാ ഗാന്ധിയുടെ ഈ കാലത്ത് തന്നെ.

സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഗാന്ധിജിക്കും നെഹ്റുവിനും ശേഷം ലോകം ഏറ്റവും കൂടുതല്‍ പരാമർശിക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് ഇന്ദിരാ ഗാന്ധി. സ്ത്രീകള്‍ക്ക് സംവരണം പോലും അന്യമായിരുന്ന കാലത്ത് സ്ത്രീകള്‍ പൊതുരംഗത്തേക്ക് കടന്നുവരേണ്ടതിന്‍റെ ആവശ്യകത ആവർത്തിച്ച് ഓർമ്മിപ്പിച്ച് കൃത്യവും കാർക്കശ്യവും നിറഞ്ഞ ഭരണരീതിയിലൂടെയാണ് പ്രഖ്യാപനങ്ങളെ യാഥാർത്ഥ്യമാക്കാന്‍ ഇന്ദിരാ ഗാന്ധിക്ക് കഴിഞ്ഞു. ഇന്ന് പൊതുപ്രവർത്തന രംഗത്തേക്ക് ലക്ഷക്കണക്കിന് സ്ത്രീകള്‍ അധികാരത്തിലേക്ക് കടന്നുവരുമ്പോള്‍ യാഥാർത്ഥ്യത്തിലായത് ഇന്ദിരാ ഗാന്ധിയുടെ ദീർഘവീക്ഷണമാണ്. അധികാരത്തിന്‍റെ ഉന്നതിയിലിരിക്കുമ്പോഴും ലളിത ജീവിതം നയിച്ച ഇന്ദിര എന്നും ഒരു മാതൃകയാണ്. ഒപ്പം സവിശേഷവ്യക്തിത്വത്തിന് ഉടമയുമായിരുന്നു ഇന്ദിരാജി. തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളില്‍പ്പോലും എഴുത്തിനും വായനയ്ക്കും അവർ സമയം കണ്ടെത്തി.

പഞ്ചാബിലെ സിഖ് കലാപത്തെതുടർന്ന് അംഗരക്ഷകരില്‍ നിന്നും സിഖുകാരെ മാറ്റണമെന്ന് ഇന്‍റലിജന്‍സും പൊലീസിലെ ഉന്നതരും ആവശ്യപ്പെട്ടപ്പോഴും സിഖുകാരെ മാറ്റിനിർത്താന്‍ ഇന്ദിരാ ഗാന്ധി തയ്യാറല്ലായിരുന്നു. ഒടുവില്‍ സ്വന്തം അംഗരക്ഷകരില്‍ നിന്നുതന്നെ വെടിയേറ്റ് ആ ധീരവനിത ജീവനറ്റുവെന്ന വാർത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇന്ത്യയിലെ എല്ലാ വിഭാഗത്തേയും ഒന്നായി കണ്ട ശ്രീമതി ഇന്ദിരാ ഗാന്ധി അവരുടെ ഉന്നമനത്തിനുവേണ്ടിയായിരുന്നു തന്‍റെ അധികാരകാലം വിനിയോഗിച്ചത്.  രാജ്യത്തിന്‍റെ മതേതരത്വത്തിനും അഖണ്ഡതയ്ക്കും വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും ശ്രീമതി ഗാന്ധി തയ്യാറല്ലായിരുന്നു. ഈ ദിനത്തില്‍ ഇന്ദിരാ ഗാന്ധിയുടെ നല്ലോർമ്മകള്‍ ഏറ്റുവാങ്ങി പ്രണാമം അർപ്പിക്കുകയാണ് രാജ്യം.

Comments (0)
Add Comment