ബാങ്കോക്കില്‍ നരേന്ദ്ര മോദി – മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തി

Jaihind News Bureau
Friday, April 4, 2025

തായ് ലന്‍ഡില്‍ നടന്ന ബ്രിംസ്റ്റെക് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായികൂടിക്കാഴ്ച നടത്തി. ബംഗ്‌ളാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ബിംസ്റ്റെക് നേതാക്കളുടെ അത്താഴ വിരുന്നില്‍ ഇരുവരും അടുത്തടുത്തായിരുന്നു ഇരുന്നത്. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. എന്നാല്‍ ഇരുവരും ബാങ്കോക്കിലെ ബിംസ്റ്റെക് ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി യോഗത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരമാണ് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെടുന്നത്

ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ സമുദ്രത്തിന്റെ ഏക കാവല്‍ക്കാരന്‍ ആണെന്ന ബംഗളാദേശിന്റെ അവകാശ വാദത്തിനു ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. ബീജിംഗ് സന്ദര്‍ശനത്തിനിടെ ചൈനീസ് സമ്പദ്വ്യവസ്ഥയുടെ വിപുലീകരണത്തിനായി ബംഗ്‌ളാദേശിനെയും ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയും ഉപയോഗപ്പെടുത്താനാവുമെന്ന യൂനസിന്റെ അഭിപ്രായങ്ങളും ഇന്ത്യയുടെ നയതന്ത്ര സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബംഗ്‌ളാദേശില്‍ നടന്ന ആക്രമണങ്ങളെച്ചൊല്ലി ഡല്‍ഹി-ധാക്ക നയതന്ത്ര സംഘര്‍ഷം നിലനില്‍ക്കുകയാണ്. പുറത്താക്കപ്പെട്ട ശേഷം അഭയം തേടി എത്തിയ ഷേഖ് ഹസീന ഇപ്പോഴും ഇന്ത്യയില്‍ തുടരുകയാണ് . ഹസീനയെ വിട്ടു കിട്ടണമെന്ന് ബംഗ്‌ളാദേശ് ആവശ്യപ്പെട്ടിരുന്നു.