യുഎസ് ഓപ്പൺ വനിതാ കിരീടം ജപ്പാന്‍റെ നവോമി ഒസാകയ്ക്ക്

Jaihind Webdesk
Sunday, September 9, 2018

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ജപ്പാന്‍റെ നവോമി ഒസാകയ്ക്ക്. ഏഴാം യുഎസ് ഓപ്പൺ കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീനയുടെ മോഹമാണ് ഒസാക്ക തകർത്തത്. സെറീന കന്നി ഗ്രാൻസ്ലാം 1999ൽ നേടുമ്പോൾ ഒകാസയ്ക്ക് ഒരു വയസ് മാത്രമായിരുന്നു പ്രായം.

കന്നി ഗ്രാൻസ്ലാം ഫൈനൽ കളിച്ച ഇരുപതുകാരിയായ ജാപ്പനീസ് താരം നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെറീനയെ കീഴടക്കിയത്. ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ആദ്യ ജാപ്പനീസ് താരമെന്ന നേട്ടവും ഒസാക്ക ഇതോടെ സ്വന്തം പേരിലാക്കി. 6-2, 6-4 എന്ന നിലയിലാണ് ഒസാക്ക സെറീനയെ കീഴടക്കിയത്.

കലാശപോരാട്ടത്തിനിടെ സെറീനയുടെ ചൂടൻ പ്രതികരണങ്ങൾക്കും യുഎസ് ഓപ്പൺ സാക്ഷിയായി. രണ്ടാം സെറ്റിനിടെ ഓൺ കോർട്ട് പരിശീലനത്തിന് അംപയർ കാർലോസ് റാമോസ് നടപടി എടുത്തതാണ് സെറീനയെ ചൊടിപ്പിച്ചത്. റാക്കറ്റ് വലിച്ചെറിഞ്ഞ സെറീന അംപയറെ കള്ളനെന്ന് വിളിച്ച് ആക്രോശിച്ചതോടെ ഗെയിം പെനാൽറ്റി വിധിച്ചു. ഇതോടെ ആത്മവിശ്വാസം നഷ്ടമായ സെറീന ഒസാക്കയോട് തോൽവി വഴങ്ങുകയായിരുന്നു.

ഇത്തവണ കിരീടം നേടിയിരുന്നെങ്കിൽ 24 ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയ ഓസ്ട്രേലിയക്കാരി മാർഗരെറ്റ് കോർട്ടിന്‍റെ റെക്കോഡിനൊപ്പം എത്താൻ സെറീനയ്ക്ക് കഴിയുമായിരുന്നു.