മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ യാത്രയിൽ ദുരൂഹത. 2017 ല്‍ മുഖ്യമന്ത്രി നടത്തിയ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇല്ല. ഈ യാത്രയിലാണ് വിദേശത്തേക്ക് ഡോളർ കടത്തിയതെന്നാണ് സ്വപ്‌നാ സുരേഷ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നത്. മുഖ്യമന്ത്രിയുടെ യാത്രയെ സംശയനിഴലിലാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന വിവരം.
അതേസമയം 2018 ഒക്ടോബറിലും 2019 ഫെബ്രുവരിയിലും മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം വെബ്‌സൈറ്റിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ആരോപണത്തിന്‍റെ സംശയമുനയിൽ നിർത്തുന്ന 2017 ലെ യാത്രയെക്കുറിച്ച് മാത്രം ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റിലില്ല എന്നതാണ് ദുരൂഹമാകുന്നത്. അന്നേദിവസത്തെ യാത്രയിൽ മുഖ്യമന്ത്രി ഇഫ്താർ വിരുന്നിൽ പങ്കെടുത്ത ദൃശ്യങ്ങൾ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നതുമാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രാ വിവരങ്ങള്‍ എംബസി വെബ്സൈറ്റില്‍ രേഖപ്പെടുത്തണമെന്നതാണ് ചട്ടം. ഇത് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അത് പ്രൊട്ടോക്കോള്‍ ലംഘനമാകും. ഇക്കാര്യം പ്രൊട്ടോക്കോള്‍ വിഭാഗത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടും പ്രതികരിക്കാന്‍ തയാറാകാത്തത് യാത്രയിലെ ദുരൂഹത സംബന്ധിച്ച് അറിവുണ്ടായതുകൊണ്ടാണ് എന്നതാണ് വ്യക്തമാക്കുന്നത്.
അതേസമയം ഡോളര്‍ കടത്ത് ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നും സഭയില്‍ വിഷയം ഉന്നയിച്ച പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മൌനം ഭയം കാരണമാണെന്ന് ആരോപിച്ചു. സഭയ്ക്ക് പുറത്ത് അഴിമതി വിരുദ്ധ പ്രതിഷേധ മതില്‍ തീര്‍ത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ മൌനത്തിന് കൂടുതല്‍ മാനങ്ങള്‍ നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം.