മേഴ്സിക്കുട്ടിയമ്മയുടെ അമേരിക്കന്‍ യാത്രയില്‍ ദുരൂഹത വ്യക്തം ; മന്ത്രിയുടെ വിശദീകരണം വിവരാവകാശത്തില്‍ പൊളിഞ്ഞു

തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കിയ 5000 കോടിയുടെ ഇടപാടിനെക്കുറിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടയമ്മയുടെ വിശദീകരണത്തില്‍ പൊരുത്തക്കേടുകള്‍. അമേരിക്കയില്‍ മൂന്നുദിവസം മാത്രമേ താന്‍ ഉണ്ടായിരുന്നുള്ളൂവെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞു. വിവരാവകാശ രേഖകള്‍ പ്രകാരം അഞ്ച് ദിവസം മന്ത്രി അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയെന്ന് വ്യക്തമാകുന്നത്. കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്‍റ് വിഷ്ണു വിജയന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി കെ.അശോകന്‍ ഈ വിവരം അറിയിച്ചിരിക്കുന്നത്.

കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇ.എം.സി.സി കമ്പനിയുമായുള്ള 5000 കോടി രൂപയുടെ കരാറില്‍ അഴിമതി നടന്നെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മന്ത്രി പറഞ്ഞ വിശദീകരണത്തിലാണ് പൊരുത്തക്കേടുകളുള്ളത്. യുണൈറ്റഡ് നേഷന്‍സ് അക്കാദമിക് ഇംപാക്റ്റിന്‍റെ ക്ഷണപ്രകാരമാണ് അമേരിക്കയില്‍ പോയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. മൂന്ന് ദിവസം മാത്രമാണ് അമേരിക്കയില്‍ പങ്കെടുത്തതെന്നും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തതല്ലാതെ മറ്റാരെയും സന്ദര്‍ശിച്ചിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ മന്ത്രി അഞ്ച് ദിവസം അമേരിക്കയിലുണ്ടായിരുന്നുവെന്ന് വിവരാവകാശ രേഖപ്രകാരമുള്ള മറുപടി വ്യക്തമാക്കുന്നു.

മന്ത്രിയുടെ വാദങ്ങള്‍ കള്ളമാണെന്ന് തെളിയിക്കുന്ന പ്രൊട്ടോക്കോള്‍ ഓഫീസറുടെ ഉത്തരവും പുറത്തു വന്നിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം 2018 ഏപ്രില്‍ ഏഴ് മുതല്‍ പതിനാല് വരെ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് നല്‍കിയിട്ടുള്ളത്. ഔദ്യോഗിക സംഘത്തിന് പുറമേ മന്ത്രിയോടൊപ്പം ഭര്‍ത്താവും അമേരിക്കന്‍ സന്ദര്‍ശനത്തിനുണ്ടായിരുന്നു.

ഇടതുസര്‍ക്കാര്‍ അന്തര്‍ദേശീയ തലത്തില്‍ ആസൂത്രണം ചെയ്ത മറ്റു കൊള്ളകളായ സ്പ്രിംഗ്ളര്‍, ഇ-മൊബിലിറ്റി തുടങ്ങിയവ പോലെയോ അതിനെക്കാള്‍ ഗുരുതരമോ ആയ അഴിമതിയാണ് കരാറെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കരാര്‍ ഒപ്പിടും മുന്‍പ് ഭരണമുന്നണിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളുമായോ മത്സ്യബന്ധനമേഖലയിലെ സംഘടനകളുമായോ ആലോചിക്കാതെയാണ് വിദേശ കപ്പലുകളെ നമ്മുടെ തീരത്തേയ്ക്ക് കൊണ്ടുവരാനുള്ള അത്യന്തം അപകടകരമായ നീക്കം സര്‍ക്കാര്‍ നടത്തിയതെന്നും ഇതിന് പിന്നിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments (0)
Add Comment