പീരുമേട് സബ് ജയിലിൽ റിമാന്‍റ് പ്രതിയുടെ ഉരുട്ടിക്കൊലപാതകത്തിന് പിന്നിൽ ദൂരൂഹത ഏറുന്നു; തട്ടിയെടുത്ത തുക എവിടെയെന്നതും ദുരൂഹം

Jaihind Webdesk
Friday, June 28, 2019

ഇടുക്കിയിലെ പീരുമേട് സബ് ജയിലിൽ റിമാന്‍റ് പ്രതിയായിരുന്ന കുമാറിന്‍റെ ഉരുട്ടിക്കൊലപാതകത്തിന് പിന്നിൽ ദൂരൂഹതകൾ ബാക്കിയാകുന്നു. കുമാറും കൂട്ടാളികളും തട്ടിയെടുത്തെ രണ്ടരക്കോടിയോളം രൂപ എവിടെയെന്ന ചോദ്യം ബാക്കിയാകുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുമാറിന്‍റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പ്രതിയെ പൊലീസിന് കൈമാറുമ്പോള്‍ അയാള്‍ പൂർണ ആരോഗ്യവാനായിരുന്നുവെന്ന് അയാളെ തടഞ്ഞുവച്ചിരുന്ന സ്ത്രീകള്‍ പറഞ്ഞു.

ഹരിത ഫിനാൻസ് തട്ടിപു കേസിലെ പ്രതി കുമാറിനെ കഴിഞ്ഞ 12-ആം തീയതിയാണ് തട്ടിപ്പിനിരയായവർ ചേർന്ന് അക്രമിക്കാനൊരുങ്ങവെ കട്ടപ്പന പുളിയന്മലയിൽ വെച്ച് നെടുംങ്കണ്ടം പോലീസിന് കൈമാറിയത്. ഇയാളുടെ അറസ്റ്റ് രേഖപെടുത്താതെയാണ് നാല് ദിവസമായി പോലീസ് കസ്റ്റഡിയിൽ വച്ച് മൃഗീയ പീഡനങ്ങൾക്ക് വിധേയനാക്കിയത്. നെടുംങ്കണ്ടം പോലീസ് സ്റ്റേഷനിലെ ഡ്രൈവർമാരാണ് കുപ്രസിദ്ധ പീഡനങ്ങൾക്ക് നേതൃത്വം നൽകിയത്. പ്രതിയുടെ അറസ്റ്റ് രേഖപെടുത്താതെ ധൃതി പിടിച്ച് ആർക്ക് വേണ്ടിയാണ് ഇത് നടത്തിയതെന്ന ചോദ്യം ബാക്കിയാകുകയാണ്. പ്രതിയെ തടഞ്ഞുവെച്ച സ്ത്രീകൾ കൈമാറുമ്പോൾ പൂർണ ആരോഗ്യവാനായിരുന്നു.

അതേ സമയം തട്ടിയെടുത്തതുക എവിടെയാണ് എന്നതിൽ ദുരൂഹതയേറുന്നു. കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്താതെ ഇടുക്കി എസ്ഐ ഓഫീസിലെത്തി മടങ്ങുകയാണ് ചെയ്തത്.