സിപിഎം പ്രതിക്കൂട്ടിലാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ദുരൂഹമരണങ്ങള്‍ പതിവ് ; കൊലക്കത്തി രാഷ്ട്രീയം സിപിഎമ്മിനെ തിരിഞ്ഞുകൊത്തുന്നു

Jaihind Webdesk
Monday, April 12, 2021

 

മന്‍സൂർ വധത്തിലെ രണ്ടാം പ്രതിയുടെ മരണം കൊലപാതകമെന്ന ആരോപണം ശക്തമാണ്. സിപിഎം തെളിവ് നശിപ്പിക്കാനായി ഇയാളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു യുഡിഎഫ് ആരോപണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങള്‍ ഇതിന് കൂടുതല്‍ ശക്തി പകരുന്നു. പ്രതിയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്നും മുഖത്ത് പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും ശ്വാസം മുട്ടിക്കാന്‍ ശ്രമം നടന്നെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്. സിപിഎം ഉള്‍പ്പെട്ട രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളാകുന്ന പാർട്ടിക്കാർ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. മുമ്പ് നടന്ന ചില കൊലപാതകങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇവയില്‍ പലതും ദുരൂഹമാണ്. ഇതോടെ മറ്റൊരു ചർച്ച കൂടിയാണ് ഉയർന്നുവരുന്നത്.

കെ.ടി ജയകൃഷ്ണന്‍

1999 ഡിസംബർ ഒന്നിനാണ് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ടി ജയകൃഷ്ണൻ കൊല്ലപ്പെട്ടത്. കേസിലെ ഏഴാം പ്രതി പാട്യം കാര്യോട്ടുപുറത്തെ കാരായി സജീവനെ 2002 ൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ വിചാരണ തുടങ്ങിയപ്പോഴായിരുന്നു സജീവന്‍റെ മരണം. സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ പാർട്ടിയുടെ പ്രാദേശിക നേതാവ് എത്തി സജീവനെ വിളിച്ചുകൊണ്ടുപോയെന്നായിരുന്നു ആരോപണം.

അരിയില്‍ ഷുക്കൂർ

തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത് 2012 ഫെബ്രുവരി 20ന്. കേസിൽ ഇരുപതാം പ്രതിയായിരുന്ന മൊറാഴ കുമ്മനാട് അച്ചാലി സരീഷ് ജാമ്യത്തിലിറങ്ങി ചികിത്സയിലിരിക്കെ ആശുപത്രിയുടെ ശുചിമുറിയിൽ തൂങ്ങിമരിച്ചു.

നെട്ടൂർ ഗോവിന്ദൻ

കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകൻ കൂവേരിയിൽ നെട്ടൂർ ഗോവിന്ദൻ കൊല്ലപ്പെട്ടത് 1994 ഫെബ്രുവരിയിൽ. പ്രതിയായിരുന്ന സിപിഎം പ്രവർത്തകൻ സജീവനെ ഒളിവിൽ കഴിയുന്നതിനിടെ കശുമാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരു പ്രതി സദാനന്ദൻ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. ജയിലിൽനിന്നു പുറത്തുവന്നശേഷം സദാനന്ദൻ സിപിഎമ്മിനെതിരെ തിരിയുകയും വെട്ടേൽക്കുകയും ചെയ്തിരുന്നു. ബിജെപിയിൽ ചേർന്ന ശേഷമായിരുന്നു ആത്മഹത്യ.

ദാസൻ

ആന്തൂരിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന ദാസൻ കൊല്ലപ്പെട്ടത് 1995 ഒക്ടോബർ 26ന്. കേസിൽ പ്രതികളെന്നു നാട്ടുകാർ സംശയിച്ച 2 പേർ ആത്മഹത്യ ചെയ്തു. ഇവർ പൊലീസിന്‍റെ പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല.

സി.ടി മനോജ്

കോഴിക്കോട് ജില്ലയിൽ ബിഎംഎസ് നേതാവ് പയ്യോളി സി.ടി മനോജ് കൊലചെയ്യപ്പെട്ടത് 2012 ഫെബ്രുവരി 12 നാണ്. കൊലപാതകവുമായിബന്ധപ്പെട്ട് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ചോദ്യം ചെയ്ത യുവാവിനെ പിന്നീട് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിപിഎം പ്രവർത്തകനായ അയനിക്കാട് ചൊറിയഞ്ചാൽ സനൽരാജിനെ (25) ആണ് 2013 ഫെബ്രുവരി 26ന് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിന്‍റെ പ്രതിപ്പട്ടികയിൽ സനൽരാജ് ഉണ്ടായിരുന്നില്ല. അറസ്റ്റിലായവർ ഡമ്മി പ്രതികളാണെന്നും നുണപരിശോധനയ്ക്ക് തയാറാണെന്നും വിചാരണ തുടങ്ങുന്നതിനു മുമ്പേ കോടതിയെ അറിയിച്ചു. തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു സനൽരാജിന്‍റെ മരണം.

മുഹമ്മദ് ഫസൽ

2006 ഒക്ടോബർ 22നാണ് തലശേരിയിൽ എൻഡിഎഫ് പ്രവർത്തകൻ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ടത് . പിന്നീട് 2 വർഷത്തിനിടെ 3 സിപിഎം പ്രവർത്തകരാണ് തലശ്ശേരിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഒരാളെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. നങ്ങാറത്തുപീടികയിലെ ജിജേഷ്, പരിമടത്തെ സലിം എന്നിവർ കൊല്ലപ്പെട്ടു. ജിജേഷിനെ ആർഎസ്എസുകാരും സലിമിനെ എൻഡിഎഫുകാരും വധിച്ചെന്നാണ് സിപിഎം ആരോപണം.

വാളയാർ കുട്ടികള്‍

വാളയാ‍ർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരു പ്രതിയെയും പൊലീസ് ചോദ്യം ചെയ്ത വ്യക്തിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കേസിലെ ചില പ്രതികൾക്ക് അരിവാൾ പാർട്ടിയുമായി ബന്ധമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു.

മന്‍സൂർ

ലീഗ് പ്രവർത്തകന്‍ മന്‍സൂർ കൊല്ലപ്പെട്ടത് 2021 ഏപ്രില്‍ 07നാണ്. കേസിലെ രണ്ടാം പ്രതിയെ ആത്മഹത്യ  ചെയ്ത നിലയില്‍ കണ്ടെത്തി. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് ആരോപിച്ചു. പ്രതിയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായും മുഖത്ത് പരിക്കുകളുള്ളതായും  പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കി. കൊലപാതകമെന്ന ആരോപണം ശരിവെക്കുന്നതാണ് പുറത്തുവരുന്ന തെളിവുകള്‍. കൊലപാതകങ്ങളില്‍ സിപിഎം നേതാക്കന്മാരുടെ പങ്കിനുള്ള തെളിവ് നശിപ്പിക്കുന്നതിനുള്ള ആസൂത്രിതമായ ഉന്മൂലനമാണ് പ്രതികളുടെ മരണങ്ങള്‍ക്ക് പിന്നിലെന്നാണ് മനസിലാകുന്നത്.