മുല്ലപ്പെരിയാറില്‍ സർക്കാരിന് ദുരൂഹമായ നിസംഗത; വഖഫില്‍ അനാവശ്യ വാശിയെന്നും പ്രതിപക്ഷ നേതാവ്

Wednesday, December 8, 2021

തിരുവനന്തപുരം : മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന് ദുരൂഹമായ നിസംഗതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വഖഫ് വിഷയത്തിൽ സർക്കാരിന് അനാവശ്യ വാശിഎന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ദുരൂഹമായ നിസംഗത തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ റെയിലിനെക്കുറിച്ച് നിരന്തരം പറയുന്ന മുഖ്യമന്ത്രി മുല്ലപ്പെരിയാറിനെപ്പറ്റി മിണ്ടുന്നില്ല. മുല്ലപ്പെരിയാറില്‍ അപകടകരമായ സാഹചര്യമാണ്. തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് വേദനാജകമെന്നd പറഞ്ഞ് സര്‍ക്കാര്‍ സ്വയം തൃപ്തിയടയുകയാണ്. രാത്രി കാലങ്ങളില്‍ വെള്ളം തുറന്നുവിടാന്‍ പാടില്ലെന്ന്കേരളത്തിന്‍റെ പ്രതിനിധി കൂടി അംഗമായ മേല്‍നോട്ട സമിതിയില്‍ ധാരണയുണ്ട്. അതിനു വിരുദ്ധമായാണ് രണ്ടു മാസമായി വെള്ളം തുറന്നു വിടുന്നത്. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്‍റെ വാദങ്ങളെല്ലാം ദുര്‍ബലമായിരിക്കുകയാണ്. സ്റ്റാലിന് കത്തെഴുതി വാര്‍ത്ത നല്‍കിയാല്‍ തന്‍റെ ദൗത്യം അവസാനിച്ചെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇതുവരെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ തമിഴ്‌നാടുമായി സംസാരിച്ചിട്ടില്ല. ഇടുക്കിയിലെ ജനങ്ങളുടെ വീട്ടില്‍ വെള്ളം കയറിക്കോട്ടെയെന്ന നിലപാടാണ് സര്‍ക്കാരിനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെ റെയിൽ നടപ്പാക്കാൻ എന്താണ് സർക്കാരിന് ഇത്ര ധൃതി. അനാവശ്യ കാര്യങ്ങൾക്ക് സർക്കാരിന് ധൃതിയാണെന്നും വിഡി സതീശൻ പറഞ്ഞു. ആരോഗ്യ വകുപ്പ് എല്ലാകാര്യങ്ങളും മറച്ചു വെക്കുകയാണ്. പട്ടാള സർവീസ് ആണോ ആരോഗ്യവകുപ്പെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.