ഗവര്‍ണറുടെ ‘സവര്‍ക്കര്‍’ നിലപാടിനെ ചോദ്യം ചെയ്ത് എം.വി.ഗോവിന്ദന്‍

Jaihind News Bureau
Sunday, March 23, 2025

സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ല, ആര് സവര്‍ക്കറെ പുകഴ്ത്തി പറഞ്ഞാലും അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. സവര്‍ക്കറെ പുകഴ്ത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗോവിന്ദന്റെ ഈ പ്രതികരണം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച ഒരാളാണ് സവര്‍ക്കറെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞാല്‍ അത് നാളത്തെ പത്രത്തില്‍ നിങ്ങള്‍ക്ക് വാര്‍ത്തയാക്കാന്‍ അല്ലേ എന്നുമായിരുന്നു ഗോവിന്ദന്റെ മറുപടി.

കാലിക്കറ്റ് സര്‍വ്വലകശാലയിലെ എസ്എഫ്ഐ ബാനറില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അതൃപ്തി അറിയിച്ചിരുന്നു. ചാന്‍സലറെയാണ് വേണ്ടത് സവര്‍ക്കറെയല്ല(We Need Chancellor, Not Savarkar) എന്ന എസ്.എഫ്.ഐ ബാനറിനെതിരെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം. സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യ ശത്രു ആകുന്നതെന്നും എന്ത് ചിന്തയാണിതെന്നും ഗവര്‍ണര്‍ ചോദിച്ചു. ഇതിനെയിരെയാണ് ഗോവിന്ദന്‍ പ്രതികരിച്ചത്.