
ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ‘പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്നും പാര്‍ട്ടിയുടെ കൈകള്‍ ശുദ്ധമാണെ’ന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ‘എന്തിനാ വെപ്രാളപ്പെടുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. നിലവില്‍ പത്മകുമാര്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും, അറസ്റ്റ് ചെയ്തു എന്നതുകൊണ്ട് മാത്രം ഒരാള്‍ കുറ്റവാളിയാണെന്ന് തീരുമാനിക്കാന്‍ കഴിയില്ലെന്നും കുറ്റം തെളിയിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, പത്മകുമാര്‍ കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണെന്ന് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. കേസ് കോടതിയുടെ മുന്‍പില്‍ വരട്ടെ. കോടതി ശിക്ഷിക്കുകയാണെങ്കില്‍ അതിന് ആവശ്യമായ നടപടി പാര്‍ട്ടി സ്വീകരിക്കും. കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസിന് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സ്വാതന്ത്ര്യമുണ്ട്.