എം.വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി; വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ചെന്നൈയിലേക്ക്

Jaihind Webdesk
Sunday, August 28, 2022

തിരുവനന്തപുരം: അനാരോഗ്യത്തെ തുടർന്ന്  കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എം.വി ഗോവിന്ദന്‍ പുതിയ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയെ നാളെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും.

നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി എന്നിവർ കോടിയേരിയുടെ ഫ്ലാറ്റിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദൈനംദിന ചുമതലകൾ നിർവഹിക്കാനുള്ള പരിമിതികൾ കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനകളുണ്ടായിരുന്നു.

ഇ.പി ജയരാജന്‍ അധ്യക്ഷത വഹിച്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.എ ബേബി, എ വിജയരാഘവന്‍ തുടങ്ങിയവർ പങ്കെടുത്തു.