മുട്ടിൽ മരംമുറി : പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Jaihind Webdesk
Monday, July 26, 2021

കൊച്ചി : മുട്ടിൽ മരംമുറി കേസിൽ 3 പ്രതികളുടേയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റിസർവ്വ് വനത്തിൽ നിന്നും കോടികളുടെ വനംകൊള്ളയാണ് നടന്നതെന്നും അതിനാൽ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

മുട്ടിൽ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും, റിസർവ്വ് വനമല്ല മുറിച്ച് മാറ്റിയതെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം.

വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ റിസർവ്വ് വനം തന്നെയാണ് പ്രതികൾ മുറിച്ച് നീക്കിയതെന്നും കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയാണ് നടന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

തുടർന്ന് ജാമ്യപേക്ഷ വിധി പറയാനായി കോടതി കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. സർക്കാർ വാദം അംഗീകരിച്ച് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. വിവാദമായ മരംമുറി കേസിൽ ഇതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകപോലും ചെയ്യാത്ത പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം തയ്യാറാകുമോ എന്നാണ് അറിയാനുള്ളത്.