ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിച്ചിട്ട് മോദി സർക്കാർ ; തെരഞ്ഞെടുക്കണമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി


ന്യൂഡല്‍ഹി : ലോകസഭയിലെ ഒഴിഞ്ഞു കിടക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുടെ കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തയച്ചു. സഭാ സമ്മേളനത്തിനിടെ യോഗ്യനായ സഭാ ഉപാധ്യക്ഷനെ കണ്ടെത്തണമെന്നും കോണ്‍ഗ്രസിന്‍റെ ലോക്‌സഭയിലെ കക്ഷിനേതാവായ അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.

ഡെപ്യൂട്ടി സ്പീക്കറുടെ കസേര ഒഴിച്ചിട്ടിരിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്നതും സുസ്ഥാപിതവുമായ സമ്പ്രദായങ്ങള്‍ക്ക് എതിരാണെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. പാര്‍ലമെന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമായി നടപ്പാക്കാനും ജനാധിപത്യവ്യവസ്ഥ ആവശ്യപ്പെടുന്ന രീതിയില്‍ സഭാനടപടികള്‍ പൂര്‍ത്തീകരിക്കാനും സഭയിലെ രണ്ടാമത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സഹായിക്കാനാവുമെന്നും ചൗധരി ഓര്‍മിപ്പിച്ചു.

രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തിലേറിയ 2019 മുതല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിഞ്ഞു കിടക്കുന്നത് തികച്ചും അസാധാരണമായ സംഗതിയാണെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ കക്ഷിയ്ക്ക് ഈ പദവി നല്‍കി വരുന്നത് ഉചിതമായ കീഴ് വഴക്കമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷ കക്ഷിയ്ക്ക് തന്നെ ഉറപ്പാക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് നാം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

Comments (0)
Add Comment