തറാവീഹ് നമസ്‌കാരം വീട്ടില്‍ മതിയെന്ന് ഫത്‌വ : റമസാനിലും പള്ളികളില്‍ പ്രാര്‍ഥനയ്ക്ക് നിയന്ത്രണം വന്നേക്കാം

Jaihind News Bureau
Friday, April 17, 2020

ദുബായ് : റമസാന്‍ കാലത്തെ പ്രത്യേക നമസ്‌കാരമായ തറാവീഹ് വീട്ടില്‍ വച്ച് മതിയെന്ന് ഫത്വ. സൗദി അറേബ്യയിലെ മുഫ്തിയും മുതിര്‍ന്ന മതപണ്ഡിതനുമായ ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആലു ഷെയ്ഖാണ് ഈ മതവിധി നല്‍കിയത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി, റമസാന്‍ മാസത്തിലെ നമസ്‌കാരങ്ങളും തുടര്‍ന്ന് വരുന്ന പെരുന്നാള്‍ നമസ്‌കാരവും വീട്ടില്‍ വച്ച് മതിയെന്നാണ് സൗദിയുടെ ഔദ്യോഗിക മുഫ്തി മതവിധിയായി നല്‍കിയത്. ഫത്വ പരിഗണിച്ച് മറ്റു ഗള്‍ഫ് രാജ്യങ്ങളിലും പള്ളികളിലെ പ്രാര്‍ഥനയ്ക്കുള്ള നിയന്ത്രണം തുടരാനാണ് സാധ്യത.

അതേസമയം, ഇത്തവണ റമസാനില്‍ പള്ളികള്‍ തുറക്കാനുള്ള സാധ്യതകള്‍ മങ്ങി. വ്രതമാസത്തിനു ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഫത്വ വന്നത്. കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സൗദി തയാറെടുക്കുന്നതിന്റെ മുന്നോടിയാകാം ഈ മതവിധിയെന്നും സൂചനകളുണ്ട്.