കുബുദ്ധി പടിക്ക് പുറത്ത്; സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീംലീഗ്


മലപ്പുറം: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീംലീഗ്. പാണക്കാട് ചേര്‍ന്ന ലീഗ് അടിയന്തര യോഗമാണ് തീരുമാനമെടുത്തത്. സിപിഎം ക്ഷണിച്ച സെമിനാറില്‍ ലീഗ് പങ്കെടുത്താല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന് തന്നെ ദോഷമുണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ പാണക്കാട് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗമാണ് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ ലീഗ് പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചത്. ഏക സിവിൽ കോഡ് വിഷയത്തിൽ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ഇതൊരു ദേശീയ വിഷയമാണ്. ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഏക സിവില്‍ കോഡ് പാര്‍ലമെന്ററില്‍ പാസാകാന്‍ പാടില്ല. ഇതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണ്ടിവരും. സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഓരോ മുസ്ലീം സംഘടനകള്‍ക്കും സ്വതന്ത്രമായി നിലപാട് സ്വീകരിക്കാവുന്നതാണ്. എന്നാല്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ ലീഗ് പങ്കെടുക്കേണ്ട എന്നാണ് യോഗത്തില്‍ തീരുമാനിച്ചതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ലീഗ് യുഡിഎഫിന്റെ പ്രധാന ഘടക കക്ഷിയാണ്. ഏക സിവില്‍ കോഡിനെതിരെ ദേശീയ തലത്തില്‍ ഫലപ്രദമായി പ്രതികരിക്കാന്‍ കഴിയുക കോണ്‍ഗ്രസിന് മാത്രം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാത്രമേ ഇതിന് ശക്തിപകരാന്‍ സാധിക്കൂ എന്നും ലീഗ് യോഗം വിലയിരുത്തി. സെമിനാറില്‍ യുഡിഎഫില്‍ നിന്ന് ലീ​ഗിന് മാത്രമേ ക്ഷണമുള്ളൂ. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ഏകസിവില്‍ കോഡ് വിഷയത്തില്‍ ഒരടി പോലും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും ലീഗ് നേതാക്കൾ അറിയിച്ചു.

കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള സെമിനാറില്‍ പങ്കെടുക്കുന്നത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന് തന്നെ ഭാവിയില്‍ ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് കാരണമെന്നും മുസ്ലീലീഗ് നേതാക്കൾ പറഞ്ഞു

Comments (0)
Add Comment