കർണാടക: ബിജെപി യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകത്തിൽ ആറുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം 21 ആയി. എല്ലാവരും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. അതിനിടെ കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് അക്രമികൾ എത്തിയതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കേരളത്തിലെത്തും. അതേസമയം അന്വേഷണം ഊർജിതമല്ലെന്നാരോപിച്ച് പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. രാജി സമ്മർദ്ദവുമായി കൂടുതല്‍ യുവമോർച്ച പ്രവർത്തകർ രംഗത്തെത്തി.
അക്രമി സംഘം കേരള രജിസ്ട്രേഷന്‍ ബൈക്കിലാണ് വന്നതെന്ന പ്രചാരണത്തിന്‍റെ സ്ഥിരീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. കര്‍ണാടക പോലീസ് സംഘം കാസര്‍ഗോഡ് എത്തും. കേസിലെ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ കർണാടകയിൽ പ്രതിഷേധം വ്യാപകമാണ്. സംഭവവുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നഡ, കൊപ്പാല്‍ ജില്ലകളിലെ കൂടുതല്‍ യുവമോര്‍ച്ചക്കാര്‍ ബിജെപി ദേശീയ നേതൃത്വത്തിന് കൂട്ടരാജി നല്‍കി. രാജി സമ്മർദവുമായി യുവമോർച്ച നിലപാട് കടുപ്പിക്കുകയാണ്. കൂടുതൽ യുവമോർച്ച പ്രവർത്തകർ രാജിക്കത്ത് നൽകിയിട്ടുണ്ട്. ദക്ഷിണ കന്നഡ, കൊപ്പാൽ ജില്ലയിലെ പ്രവർത്തകർ ആണ് ബിജെപി ദേശീയ നേതൃത്വത്തിന് കൂട്ടരാജി കത്ത് നൽകിയത്. കര്‍ണാടക മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി. 11 മണിക്ക് ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
കേരള – കർണാടക അതിർത്തിയോട് ചേർന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രവീൺ കൊല്ലപ്പെട്ടത്. ബെള്ളാരെയിൽ കോഴിക്കട നടത്തുകയായിരുന്ന പ്രവീൺ കടയടച്ച് രാത്രി 8.30ന് വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ബൈക്കിൽ എത്തിയ അക്രമികളാണു വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ പ്രവീണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബെള്ളാരെ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരാഴ്ചയ്ക്കുള്ളില്‍ ബെള്ളാരെയിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്.