RAHUL GANDHI| പട്‌നയിലെ വ്യവസായിയുടെ കൊലപാതകം: ബിഹാര്‍ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, July 6, 2025

 

പട്നയിലെ വ്യവസായി ഗോപാല്‍ ഖേംകയുടെ കൊലപാതകത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണകക്ഷിയായ എന്‍ഡിഎ സഖ്യം ‘ബിഹാറിനെ ഇന്ത്യയുടെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി’ എന്ന് അദ്ദേഹം അവകാശപ്പെട്ടു.

‘ഇന്ന് ബീഹാര്‍ കൊള്ളയുടെയും വെടിവയ്പ്പിന്റെയും കൊലപാതകത്തിന്റെയും നിഴലിലാണ് ജീവിക്കുന്നത്. കുറ്റകൃത്യങ്ങള്‍ സാധാരണമായി മാറിയിരിക്കുന്നു, സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു,’ അദ്ദേഹം ട്വീറ്റ് ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ‘നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത’ ഒരു സര്‍ക്കാരിന് വോട്ട് ചെയ്യരുതെന്നും രാഹുല്‍ ഗാന്ധി ബീഹാറിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

‘ഓരോ കൊലപാതകവും, ഓരോ കവര്‍ച്ചയും, ഓരോ വെടിയുണ്ടയും മാറ്റത്തിനായുള്ള നിലവിളിയാണ്. പുതിയൊരു ബീഹാറിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു – ഭയത്തിന്റെയല്ല, പുരോഗതിയുടെ ഒന്ന്. ഇത്തവണ, നിങ്ങളുടെ വോട്ട് സര്‍ക്കാരിനെ മാറ്റാന്‍ മാത്രമല്ല – ബീഹാറിനെ രക്ഷിക്കാനും,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

മഗധ് ആശുപത്രി ഉടമ ഗോപാല്‍ ഖേംക വെള്ളിയാഴ്ചയാണ് ബൈക്കിലെത്തിയ അജ്ഞാതനായ അക്രമിയുടെ വെടിയേറ്റ് മരിച്ചത്. ബിജെപി നേതാവായിരുന്ന അദ്ദേഹത്തിന്റെ മകന്‍ ഗുഞ്ചന്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭവം.