കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക്ക് ആലത്തിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാവിലെ പതിനൊന്ന് മണിയോടെ മജിസ്ട്രേറ്റിൻ്റെ വസതിയിൽ എത്തിച്ചാണ് പ്രതിയെ റിമാൻ്റ് ചെയ്തത്.
പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നാളെ കോടതിയിൽ നല്‍കും. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് തീരുമാനം. കസ്റ്റഡിയിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലുടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. രാവിലെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വൈദ്യപരിശോധനകള്‍ക്ക് ശേഷമാണ് പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പോക്‌സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍ അടക്കം ഒമ്പത് വകുപ്പുകളാണ് അസഫാകിനെതിരെ ചുമത്തിയിരിക്കുന്നത്.കൊലപാതകത്തില്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിക്കും. ഇതിനായി മൂന്ന് ഉദ്യോഗസ്ഥര്‍ ബിഹാറിലേക്ക് പോകും. അതേ സമയം അസ്ഫാക്കിൽ നിന്നും കണ്ടെടുത്ത രേഖകൾ വ്യാജമാണോ എന്ന സംശയവും പോലീസിനുണ്ട്. ബിഹാറിൽ നേരിട്ടെത്തി അന്വേഷിക്കുന്നതിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയും. പ്രതി തനിച്ചാണ് കൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ പ്രതിക്കൊപ്പം മറ്റു ചിലരെ മാർക്കറ്റ് പരിസരത്ത് കണ്ടിരുന്നു എന്ന നാട്ടുകാരുടെ മൊഴിയും പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീടിന്‍റെ മുകള്‍ നില തന്നെ പ്രതി വാടകയ്ക്ക് എടുത്തത് കൃത്യം നടത്താനാണോ എന്നതടക്കം പൊലീസ് വിശദമായി പരിശോധിക്കും.