തൃശൂരിൽ വീണ്ടും കൊലപാതകം ; പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊന്നു

Jaihind News Bureau
Monday, October 12, 2020

തൃശൂർ: തൃശൂർ ജില്ലയിൽ വീണ്ടും കൊലപാതകം. പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖാണ് കൊല്ലപ്പെട്ടത്. എട്ട് ദിവസത്തിനിടെ ജില്ലയിൽ നടക്കുന്ന എട്ടാമത്തെ കൊലപാതകമാണിത്. പഴയന്നൂർ- തിരുവില്വാമല പട്ടി പറമ്പിലാണ് സംഭവം. ഒറ്റപ്പാലം സ്വദേശി റഫീഖിനെയാണ് ഒരു സംഘം വെട്ടിക്കൊന്നത്. 32 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. കഞ്ചാവ് കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ എട്ട് ദിവസത്തിനിടെ തൃശൂർ ജില്ലയിൽ എട്ട് ജീവനുകൾ കത്തിമുനയിൽ പൊലിഞ്ഞു. ഇതിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ്, മുറ്റിച്ചൂർ സ്വദേശി നിധിൽ എന്നിവരുടെ കൊലപാതകത്തിലാണ് രാഷ്ട്രീയ ഇടപെടൽ സംശയിക്കുന്നത്. കുട്ടനെല്ലൂരിലെ വനിതാ ഡോക്ടർ സോന സുഹൃത്ത് മഹേഷിന്റെ കുത്തേറ്റാണ് മരിച്ചത്. കൊടുങ്ങല്ലൂർ സ്വദേശി രാജേഷിന്റെ ജീവൻ എടുത്തത് ഒപ്പം താമസിച്ചിരുന്ന ആൾ തന്നെ. പോക്സോ കേസ് പ്രതി സതീഷിനെ അയൽവാസി ശ്രീജിത്താണ് വെട്ടിക്കൊന്നത്.

രണ്ടാഴ്ച മുൻപ് പ്രഭാത നടത്തത്തിനിടെ കുത്തേറ്റ ശശി ശനിയാഴ്ച മരണത്തിന് കീഴടങ്ങി. ജയിൽ കസ്റ്റഡിയിൽ തിരുവനന്തപുരം സ്വദേശി ഷെമീർ മർദ്ദനമേറ്റ് മരിച്ചതും കഴിഞ്ഞയാഴ്ചയാണ്. ജില്ലയിൽ ഈ വർഷം ഇതുവരെ 24 കൊലപാതകങ്ങൾ നടന്നുവെന്നാണ് കണക്ക്.